Asianet News MalayalamAsianet News Malayalam

കൂടത്തായിയിലെ മരണ പരമ്പര: കല്ലറ തുറന്ന്, മൃതദേഹങ്ങൾ പുറത്തെടുത്തുള്ള ഫോറൻസിക് പരിശോധന തുടങ്ങി

വിദ്യാഭ്യാസവകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ,  മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിസിലി, ഇവരുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് ദുരൂഹവും സമാനവുമായ സാഹചര്യത്തിൽ മരിച്ചത്. 2002 ലായിരുന്നു ആദ്യ മരണം. 

koodathai death series forensic examination starts
Author
Koodathai, First Published Oct 4, 2019, 10:45 AM IST

കൂടത്തായി: കോഴിക്കോട് കൂടത്തായില്‍ സമാന രീതിയില്‍ ബന്ധുക്കളായ ആറ് പേര്‍ മരിച്ച സംഭവത്തില്‍ മൃതദേഹങ്ങൾ പുറത്തെടുത്തുള്ള ഫോറന്‍സിക പരിശോധന തുടങ്ങി. കോടഞ്ചേരി പള്ളിയിൽ അടക്കിയ സിസിലിയുടേയും കുഞ്ഞിന്‍റെയും മൃതദേഹമാണ് ആദ്യം പുറത്തെടുക്കുക. പോലീസ് റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിൽ ചേര്‍ന്ന യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് നടപടി. 

വിദ്യാഭ്യാസവകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ,  മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിസിലി, ഇവരുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് ദുരൂഹവും സമാനവുമായ സാഹചര്യത്തിൽ മരിച്ചത്. 2002 ലായിരുന്നു ആദ്യ മരണം. ടോം തോമസിന്‍റെ ഭാര്യ അന്നമ്മ ആട്ടിന്‍സൂപ്പ് കഴിച്ച ഉ‍ടന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആറു വര്‍ഷത്തിനുശേഷം ടോം തോമസ് ഭക്ഷണം കഴിച്ച ഉടന്‍ ശര്‍ദ്ദിച്ച് മരിച്ചു. 

2011ല്‍ ടോം തോമസിന്‍റെ മകന്‍ റോയിയും തൊട്ടുപിന്നാലെ അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരിച്ചു. ഒരുവര്‍ഷത്തിനുശേഷം മാസങ്ങളുടെ വ്യത്യാസത്തില്‍  ടോമിന്‍റെ സഹോദര പുത്രന്‍റെ ഭാര്യയായ സിസിലിയും മകള്‍ അല്‍ഫോന്‍സയും മരിച്ചു. പെട്ടന്ന് കുഴഞ്ഞുവീണുള്ള മരണമായിരുന്നു ഇതെല്ലാം തന്നെ. സമാനസ്വഭാവമുള്ള മരണത്തില്‍ സംശയം തോന്നിയ ടോമിന്‍റെ മകന്‍ റോജോയുടെ പരാതിയാണ്  ഒടുവില്‍ കല്ലറകള്‍ തുറന്നുപരിശോധിക്കുന്നതുവരെ എത്തിയത്. 

മരിച്ച ആറ് പേരില്‍ നാല് പേരുടെ മൃതദേഹം കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളിയിലെ കല്ലറകളിലാണ് അടക്കിയിരിക്കുന്നത്. മണ്ണില്‍ ദ്രവിക്കാതെയുള്ള എല്ലിന്‍ കഷണങ്ങള്‍ പല്ല് എന്നിവയാണ് പരിശോധിക്കുക. ഈ പരിശോധനയില്‍ സയനൈഡടക്കമുള്ള വിഷം ഉള്ളില്‍ ചെന്നാണോ മരണമെന്നത് വ്യക്തമാകും.

ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം ബ്രെയിന്‍ മാപ്പിംഗ് അടക്കമുള്ള പരിശോധനകളും നടത്താനും ആലോചനയുണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. കോഴിക്കോട് സബ് കളക്ടറുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടക്കുക. സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ശ്രമമാണോ മരണത്തിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ തെളിവുകള്‍ ക്രൈബ്രാഞ്ചിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഫോറന്‍സിക് പരിശോധനാ ഫലം കിട്ടുന്നതോടെ ദുരൂഹത നീക്കാനാകുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
 

Follow Us:
Download App:
  • android
  • ios