കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ കൊല്ലപ്പെട്ട റോയ് തോമസിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ചത് ജോൺസണാണെന്ന് കണ്ടെത്തി. മൊബൈൽ നമ്പർ ജോൺസന്റെ പേരിലേക്ക് റോയിയുടെ മരണശേഷം മാറ്റിയെന്നും കണ്ടെത്തി.

ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺ ഉപയോഗിച്ച് വന്ന മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഷാജുവിനെ കൊലപ്പെടുത്തിയ ശേഷം ജോൺസണെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി നേരത്തെ ജോളി മൊഴി നൽകിയിരുന്നു.

ജോൺസണുമായി വിവാഹം നടക്കാൻ ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്നും ജോളി പൊലീസിന് മൊഴി നൽകി. രണ്ട് പേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ നേരത്തെ ജോളി സമ്മതിച്ചിരുന്നു. 

ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍ എല്‍ ജീവനക്കാരന്‍ ആണ് ജോൺസൺ.  മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസൺ മൊഴി നൽകിയിരുന്നു.ആ സൗഹൃദത്തിലാണ്  ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ  ഉണ്ടായിരുന്നു. 

കൂടത്തായി കൊലപാതകപരമ്പരയിലെ ഒന്നാം പ്രതി ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാൻ പോയിട്ടുണ്ടെന്നും പൊലീസ് ടവര്‍ ഡംപ് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു.  കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. 

ജോൺസന്റെ ഭാര്യയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായും ജോളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജോളിയുടെയും ജോൺസന്റെയും കുടുംബങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇവർ ഒന്നിച്ച് വിനോദയാത്രക്ക് പോകുന്നതും പതിവായിരുന്നു. ഇതിനിടെ വിഷം കലർന്ന ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും ജോൺസന്റെ ഭാര്യ ഇത് കഴിക്കാതിരുന്നതിനാൽ രക്ഷപ്പെടുകയായിരുന്നു.

എന്നാൽ കൊലപാതകത്തിൽ പങ്കോ അതിനെക്കുറിച്ച് അറിവോ ഉണ്ടായിരുന്നില്ലെന്നാണ് ജോൺസൺ നേരത്തെ പൊലീസിനെ അറിയിച്ചത്. ആറ് മണിക്കൂറിൽ അധികമെടുത്താണ് ജോൺസന്റെ മൊഴി രേഖപ്പെടുത്തിയത്. ജോളിയുമായി ജോൺസൺ ഫോണിൽ ദീർഘ സംഭാഷണം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ഭര്‍ത്താവ് റോയ് തോമസിനെയും ബന്ധുവായ മഞ്ചാടി മാത്യുവിനെയും ജോളി കൊലപ്പെടുത്തിയത് മദ്യത്തില്‍ വിഷം കലര്‍ത്തിയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. ഭര്‍തൃ പിതാവ് ടോം തോമസിനെയും ഷാജുവിന്‍റെ ആദ്യ ഭാര്യ സിലിയെയും കൊലപ്പെടുത്തിയത് വൈറ്റമിന്‍ ക്യാപ്സ്യൂളില്‍ പൊട്ടാസ്യം സയനൈഡ് കലര്‍ത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. എന്നാല്‍ ഷാജുവിന്‍റെ കുഞ്ഞ് ആല്‍ഫൈനെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ജോളിയുടെ പ്രതികരണം.