കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ഓരോ മരണങ്ങളും ഓരോ അന്വേഷണ സംഘം അന്വേഷിക്കാൻ തീരുമാനം. ജില്ലയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഒന്നിച്ച് ചേർത്ത്, അന്വേഷണസംഘം വിപുലീകരിക്കാനാണ് തീരുമാനം. ആരൊക്കെയാകണം ഓരോ ടീമിലുമുണ്ടാകേണ്ടത് എന്ന് തീരുമാനിക്കുന്നതും, ഇതിന്‍റെ ഏകോപനച്ചുമതലയും റൂറൽ എസ്‍പി കെ ജി സൈമണായിരിക്കും. അന്വേഷണ സംഘം വിപുലീകരിക്കുമെന്ന് നേരത്തേ ഡിജിപി ലോക്നാഥ് ബെഹ്‍റ വ്യക്തമാക്കിയിരുന്നതാണ്. 

ഇപ്പോൾ 11 പേരാണ് ഈ കൂടത്തായി അന്വേഷണ സംഘത്തിലുള്ളത്. നിർണായകമായ വഴിത്തിരിവുകളുണ്ടാക്കിയ കണ്ടെത്തലുകൾ നടത്തിയത് ഡിവൈഎസ്‍പി ഹരിദാസിന്‍റെ നേതൃത്വത്തിൽ ഈ സംഘമാണ്. ഇതിലേക്ക് വെളിച്ചം വീശിയതാകട്ടെ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ആയ ജീവൻ ജോർജിന്‍റെ രഹസ്യ റിപ്പോർട്ടും. ജീവൻ ജോർജും നിലവിൽ ഈ അന്വേഷണസംഘത്തിൽ അംഗമാണ്. 

എത്ര പേരെ കൂടുതലായി ഈ സംഘത്തിലേക്ക് ചേർക്കുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരെയാണ് ഈ ടീമിലേക്ക് ചേർക്കുന്നത്. നിലവിൽ 11 പേരുള്ള ടീം ആറ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പുതിയ സംഘങ്ങൾ രൂപീകരിക്കുന്നതോടെ, ഓരോ സംഘത്തിനും ഓരോ തലവനുണ്ടാകും. സൈബർ ക്രൈം, ഫൊറൻസിക് പരിശോധന, എഫ്ഐആർ തയ്യാറാക്കുന്നതിൽ വിദഗ്‍ധർ, അന്വേഷണ വിദഗ്‍ധർ എന്നിങ്ങനെ ഓരോ മേഖലയിലും പ്രാവീണ്യം തെളിയിച്ചവരെയാണ് സംഘങ്ങളിൽ ഉൾപ്പെടുത്തുക. ഓരോ കേസിലും ഓരോ എഫ്ഐആർ റജിസ്റ്റർ ചെയ്യും. എല്ലാ കേസിലും മുഖ്യപ്രതി ജോളിയായിരിക്കും. 

എത്രയും വേഗത്തിൽ അന്വേഷണം

പരമാവധി രേഖകൾ പരിശോധിച്ച് തയ്യാറാക്കി, പരമാവധി സാക്ഷികളെ കണ്ട് മൊഴി രേഖപ്പെടുത്തി, വിശദമായ ഫൊറൻസിക്, രാസപരിശോധനാ റിപ്പോർട്ടുകൾ തയ്യാറാക്കാനാണ് അന്വേഷണസംഘത്തെ ഇത്രയും വിപുലീകരിച്ചിരിക്കുന്നത്. കേസന്വേഷണം വേഗത്തിലാക്കണമെന്നാണ് ഡിജിപി നൽകിയിരിക്കുന്ന നിർദേശം. 

എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കും. കേരളാ പൊലീസിന് തന്നെ അഭിമാനമായ ഈ കേസിൽ ഒരു പിഴവുമില്ലാതെ കോടതി വരെ എത്തിക്കാൻ ഡിജിപിയടക്കം ശക്തമായ പിന്തുണയാണ് ഉറപ്പ് നൽകുന്നത്. തെളിവ് ശേഖരണം വലിയ വെല്ലുവിളി തന്നെയാണെന്ന് ഡിജിപി ചൊവ്വാഴ്ച പറഞ്ഞിരുന്നു. 

എല്ലാ മൃതദേഹാവശിഷ്ടങ്ങളും വിദേശത്തേക്ക് അയച്ച് നൽകാനാണ് തീരുമാനം. പൊട്ടാസ്യം സയനൈഡ് നൽകിയാണ് കൊലപാതകമെങ്കിൽ അത് ദേഹത്ത് നിലനിൽക്കില്ലെന്നത് പ്രശ്നമാണ്. ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ട് വിശദമായ പരിശോധന നടത്താൻ മികച്ച ലാബുകൾ കുറവാണ്. അമേരിക്കയിലെ സസക്സിലുള്ള ഒരു ഫൊറൻസിക് ലാബ് അടക്കം കേരള പൊലീസിന്‍റെ പരിഗണനയിലുണ്ട്. വിദേശത്ത് നിന്നുള്ള പരിശോധനാഫലം അടക്കം വിശദമായ തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്‍റെ ശ്രമം. സാഹചര്യത്തെളിവുകൾ മാത്രമുള്ള കേസിൽ റോയി തോമസിന്‍റെ ദേഹത്ത് മാത്രമേ വിഷ സാന്നിധ്യമുള്ളതായി പൊലീസിന് കണ്ടെത്താനായിട്ടുള്ളൂ. 

ജോളിയുടെ കസ്റ്റഡി തേടി പൊലീസ്

ജോളി ജോസഫിനെ കസ്റ്റഡിയിൽ നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് താമരശ്ശേരി കോടതിയിൽ അപേക്ഷ നൽകും. ജോളിയെ കോടതിയിൽ ഹാജരാക്കാൻ സാധ്യതയില്ല. അതേസമയം, ജോളിക്ക് ഒപ്പം അറസ്റ്റിലായ ജ്വല്ലറി ജീവനക്കാരൻ മാത്യു ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകിയേക്കും. ജോളി ഇന്ന് ജാമ്യാപേക്ഷ നൽകില്ല. ജോളിയെ കസ്റ്റഡിയിൽ കിട്ടിയാലേ ഇതുവരെ എടുത്ത മൊഴികളിലടക്കം വിശദമായ പരിശോധന നടത്താനാകൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും അച്ഛൻ സക്കറിയയെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. 

അതേസമയം, കൂടത്തായി സ്വദേശിയായ ഇമ്പിച്ചിയുണ്ണിയെന്ന വൃദ്ധന്‍റെ മരണത്തിലും സംശയമുന്നയിച്ച് നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞ വർഷമാണ് ജോളിയുടെ അയൽവാസിയും ഇലക്ട്രീഷ്യനുമായിരുന്ന ഇമ്പിച്ചിയുണ്ണിയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.