Asianet News MalayalamAsianet News Malayalam

പൊലീസിനെയും തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതിയായിരുന്നു ജോളിയുടെ മൊഴികള്‍, ഒരു മൊഴിയോടെ പ്രതിരോധം തകര്‍ന്നു

  • തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു ജോളിയുടെ മൊഴികളെല്ലാം
  • സ്വര്‍ണ്ണപ്പണിക്കാരന്‍റെ മൊഴിയോടെയാണ് ജോളിയുടെ പ്രതിരോധം തളരുന്നത്
  • ഒടുവില്‍ സയനൈഡ് സംബന്ധിച്ച മൊഴിയോടെ ജോളി കുറ്റം സമ്മതിക്കുകയായിരുന്നു
koodathai murders jollys statements to mislead police
Author
Kerala, First Published Oct 7, 2019, 1:36 AM IST

കോഴിക്കോട്: പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന മൊഴികളായിരുന്നു ജോളിയുടേത്. എന്നാല്‍ താന്‍ മാത്യുവിന് സയനൈഡ് എത്തിച്ച് നല്‍കിയെന്ന് പ്രജുകുമാര്‍ മൊഴി നല്‍‍കിയതോടെയാണ് ജോളി കുറ്റസമ്മതം നടത്തിയത്. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച പോലെ പൊലീസിനേയും തെറ്റിദ്ധരിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു അതുവരേയും ജോളി.

ഇടുക്കി കട്ടപ്പന സ്വദേശിനിയായ ജോളി 22 വർഷം മുമ്പാണ് റോയ് തോമസിനെ വിവാഹം കഴിച്ച് കോഴിക്കോട് കൂടത്തായിയിൽ എത്തിയത്. ബിരുദാനന്തര ബിരുദധാരിയാണെന്നാണ് റോയിയുടെ വിട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ ബിരുദം മാത്രമേ ഉള്ളൂവെന്നാണ് ഇവര്‍ പൊലീസിന് വെളിപ്പെടുത്തിയത്. എന്‍ഐടിയില്‍ ജോലി ഉണ്ടെന്നതടക്കം വീട്ടുകാരേയും നാട്ടുകാരേയും തെറ്റിദ്ധരിപ്പിച്ച ഇവര്‍ പൊലീസിനേയും തെറ്റിദ്ധരിപ്പിക്കാമെന്ന ആത്മവിശ്വാസത്തിലായിരുന്നു. ചോദ്യം ചെയ്യലിന്‍റെ എല്ലാ ഘട്ടങ്ങളിലും കുറ്റങ്ങള്‍ നിഷേധിച്ച് തന്നെയാണ് ജോളി പ്രതിരോധിച്ചത്.

എന്നാല്‍ കൂട്ടുപ്രതിയായി പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രജുകുമാര്‍ വേഗത്തില്‍ കുറ്റസമ്മതം നടത്തിയത് ജോളിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മാത്യുവഴിയാണ് ജോളിക്ക് സയനൈഡ് നല്‍കിയതെന്ന് പ്രജുകുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പട്ടിയെ കൊല്ലാനാണ് എന്ന് പറഞ്ഞാണ് സയനൈഡ് വാങ്ങിയതെന്നായിരുന്നു ഇയാളുടെ മൊഴി. ഈ മൊഴി അറിയിച്ചപ്പോഴാണ് ജോളി കുറ്റസമ്മതം നടത്തിയത്.

എന്നാൽ തികഞ്ഞ ഈശ്വര വിശ്വസിയാണ് ജോളിയെന്ന് അയൽവാസികൾ പറയുന്നു. സംസാരിക്കുന്ന സമയമത്രയും ഭക്തി മാർഗങ്ങളെ കുറിച്ചാണ് പറയാറ്. ഇവരുടെ ഈ ശാന്തസ്വഭാവം കൊലപാതകങ്ങള്‍ മറച്ചുവെക്കാനുള്ള ഒരു മറയായിരുന്നുവെന്ന തിരിച്ചറിവിന്‍റെ ഞെട്ടലിലാണ് നാട്ടുകാര്‍. 

Follow Us:
Download App:
  • android
  • ios