കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിൽ തന്‍റെ പങ്ക് പൊട്ടിക്കരഞ്ഞ് സമ്മതിച്ച് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. തന്‍റെ സ്വന്തം ഭാര്യയെയും പത്ത് മാസം പ്രായമായ കുഞ്ഞിനെയും ജോളി കൊന്നത് തന്‍റെ അറിവോടെയാണെന്ന് ഷാജു പറഞ്ഞു. തന്‍റെ അറിവോടെയാണ് രണ്ട് കൊലപാതകവും നടന്നത്. കുഞ്ഞായ ആൽഫിനെ ആദ്യം ജോളി കൊന്നു. പിന്നീട് ഭാര്യ സിലിയെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് ഒന്നിച്ച് വയനാട് പനമരത്തേക്ക് ഒരു കല്യാണത്തിന് ജോളിയുമൊന്നിച്ച് പോയപ്പോഴാണ്.

സിലിയിലുള്ള മകനെയും കൊല്ലണമെന്ന് ജോളി ആവശ്യപ്പെട്ടതാണ്. എന്നാൽ താനതിനെ എതിർത്തെന്നും, തന്‍റെ അച്ഛനുമമ്മയും മകനെ നോക്കിക്കോളുമെന്ന് പറഞ്ഞ് അത് ഒഴിവാക്കിയെന്നും ഷാജു വെളിപ്പെടുത്തി. മകൾ ബാധ്യതയാകുമെന്ന് ഞങ്ങൾ രണ്ട് പേരും ഭയന്നു. അതുകൊണ്ടാണ് കൊല്ലാൻ തീരുമാനിച്ചതെന്നും ഷാജു പൊലീസിനോട് സമ്മതിച്ചു.

ഷാജുവിന്‍റെ അച്ഛൻ സക്കറിയയും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലപാതകവിവരം തന്‍റെ മകൻ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സക്കറിയ പറ‍ഞ്ഞത്. പൊലീസ് സ്റ്റേഷനിലെത്തിയ സക്കറിയയെയും ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്. 

വഴിത്തിരിവാകുന്ന കുറ്റസമ്മതം

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഷാജു കുറ്റങ്ങൾ ഓരോന്നായി സമ്മതിച്ചത്. ജോളിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്ത സമയത്ത് ഷാജുവിനെയും പൊലീസ് വിളിച്ച് വരുത്തിയിരുന്നു. എന്നാൽ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കേസിന്‍റെ തുടക്കം മുതൽ ഷാജു പൊലീസിനെ കബളിപ്പിക്കുകയായിരുന്നു. കൃത്യമായ തെളിവുകളില്ലാതെ ഷാജുവിനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് പൊലീസിനും അറിയാമായിരുന്നു. കൃത്യമായ വല നെയ്ത് ഷാജുവിനെ വെറുതെ വിട്ട് നിരീക്ഷിക്കുകയായിരുന്നു പൊലീസ്. ഒടുവിൽ ജോളിയുടെ കുറ്റ സമ്മതമൊഴിയും മറ്റ് തെളിവുകളും കൃത്യമായി ശേഖരിച്ച് ഷാജുവിനെ തിരികെ വിളിപ്പിച്ചു, ചോദ്യം ചെയ്തു, കർശനമായി ചോദ്യം ചെയ്തപ്പോൾ ഷാജു കുറ്റം സമ്മതിക്കുകയും ചെയ്തു.

ആദ്യം മൗനം, പിന്നെ കുറ്റസമ്മതം

ആദ്യം ജോളിയാണ് കൊലപാതകങ്ങൾക്ക് പിന്നിലെന്ന് അറിയാമായിരുന്നു എന്ന് മാത്രമാണ് ഷാജു പറഞ്ഞിരുന്നത്. ഉന്നതരുമായി ജോളിയ്ക്ക് ബന്ധമുണ്ടായിരുന്നു. അതിനാൽ തന്നെയും കൊല്ലുമെന്ന് ഭയന്നു. അതിനാലാണ് ഒന്നും പുറത്തു പറയാതിരുന്നതെന്നും പേടിയായിരുന്നെന്നും ആണ് ഷാജു പറ‍ഞ്ഞത്. കൊലപാതകത്തെക്കുറിച്ച് അറിയാമായിരുന്നെന്നും എന്നാൽ പൊലീസിനെ അറിയിച്ചില്ലെന്നും മാത്രമായിരുന്നു ആദ്യം ഷാജു സമ്മതിക്കാൻ തയ്യാറായത്. 

എന്നാൽ പൊലീസിന്‍റെ പക്കൽ കൃത്യമായ തെളിവുകളുണ്ടായിരുന്നു. ഓരോന്നോരോന്നായി നിരത്തി ഷാജുവിനെ പൊലീസ് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു എല്ലാം ഷാജു സമ്മതിച്ചത്. 

ഇന്നലെ വരെ ജോളി ഒരു തട്ടിപ്പുകാരിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് എല്ലാ മാധ്യമങ്ങൾക്ക് മുന്നിലും വന്ന് ഷാജു തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നത്. മാത്രമല്ല, ആദ്യഘട്ടത്തിൽ കൊലപാതകങ്ങളൊക്കെ സാധാരണ മരണങ്ങളും ആയിക്കൂടേ എന്നും ഷാജു ചോദിച്ചു. പ്രധാനമായും സ്വന്തം ഭാര്യയുടെയും കുഞ്ഞിന്‍റെയും മരണങ്ങൾ സ്വാഭാവികമാണെന്നും അവർക്ക് അസുഖങ്ങളുണ്ടായിരുന്നുവെന്നുമാണ് തുടർച്ചയായി ഷാജു പറഞ്ഞത്. എന്നാൽ പിന്നീട് കുരുക്ക് മുറുകും എന്ന ഘട്ടം വന്നപ്പോൾ, എല്ലാ പഴികളും ജോളിയുടെ നേർക്കായി. ജോളിയാണ് എല്ലാറ്റിനും പിന്നിൽ. എന്നോട് ഒരു പ്രത്യേക ബന്ധം ജോളിയ്ക്ക് ഉണ്ടായിരുന്നു. അത് ആദ്യം പ്രോത്സാഹിപ്പിച്ചില്ല. പിന്നീട് മകനെക്കരുതി വിവാഹം കഴിച്ചു എന്നാണ് ഷാജു പറഞ്ഞത്.

ആറ് മരണങ്ങളിൽ ഒരു മരണത്തിൽ മാത്രമാണ് ആദ്യം തെളിവ് കിട്ടിയിരുന്നത്. ഇപ്പോൾ രണ്ട് മരണങ്ങൾക്ക് കൂടി ആധികാരികമായ തെളിവുകൾ കിട്ടിയിരിക്കുകയാണ് പൊലീസിന്. ഷാജു നിരപരാധിയെന്ന മട്ടിൽ പൊലീസ് നാടകം കളിയ്ക്കുകയായിരുന്നു ആദ്യം. എന്നാലിപ്പോൾ ഷാജു നിർണായക പ്രതിയാണ് ഈ കേസിൽ. 

മറ്റ് കൊലപാതകങ്ങളിൽ ഷാജുവിന്‍റെ പങ്കെന്താണെന്നതാണ് ഇനി പ്രധാനമായും അറിയേണ്ടതാണ്. സക്കറിയയാണ് ജോളിയുമായുള്ള വിവാഹത്തിന് മുൻകൈയെടുത്തതെന്നും ഷാജു പറയുന്നത്. ഗൂഢാലോചനയും ജോളിയുമായുള്ള പ്രണയവും തുറന്നു പറയുന്നുമുണ്ട് ഷാജു.

അന്വേഷണം ഷാജുവിന്‍റെ അച്ഛനിലേക്കും

ഷാജുവിന്‍റെ അച്ഛൻ സക്കറിയയാണ് പ്രധാനമായും സിലിയുടെയും കുഞ്ഞിന്‍റെയും മരണങ്ങൾ സ്വാഭാവികമാണെന്നും അവർക്ക് അസുഖങ്ങളുണ്ടായിരുന്നെന്നും തുടർച്ചയായി പറഞ്ഞതും പ്രചരിപ്പിച്ചതും. ഈ വിവരം പുറത്തുവന്നപ്പോഴും ആദ്യം ജോളിയെ അനുകൂലിച്ച് സംസാരിച്ചതും സക്കറിയയും ഭാര്യയുമാണ്. എന്നാലിപ്പോൾ കുറ്റം സമ്മതിക്കുന്നതിലൂടെ ഈ കേസ് വീണ്ടും സങ്കീർണമാവുകയാണ്.

ടോം തോമസ് എന്ന ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്‍റെ അച്ഛന്‍റെ സഹോദരനാണ് സക്കറിയ. ടോം തോമസുമായി സക്കറിയക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നാണ് സൂചന. വീട്ടിൽ വന്ന് മദ്യപിക്കുന്നതടക്കം ടോം തോമസ് നേരത്തേ വിലക്കിയിരുന്നു. സക്കറിയയുമായാണ് ജോളിയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നത്. അതിനാൽ പൊന്നാമറ്റം കുടുംബത്തിലെ ഓരോരുത്തരെയും ഷാജുവിന്‍റെ ഭാര്യയെയും കുഞ്ഞിനെയും ഒഴിവാക്കിയ ശേഷം ഷാജുവും ജോളിയും വിവാഹിതരാവുകയായിരുന്നു.