Asianet News MalayalamAsianet News Malayalam

കോട്ടയം കൊലപാതകം; പൊലീസിനോട് പൂർണമായി സഹകരിച്ച് പ്രതി; മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബന്ധുക്കൾ

പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് എന്നാണ് ബന്ധുക്കളുടെ പ്രതികരണം. തെളിവെടുപ്പിനിടെ പൊലീസിനോട് പൂർണമായും സഹകരിക്കുന്ന നിലപാടാണ് പ്രതി സ്വീകരിച്ചത്. ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി ഇയാൾ നൽകുന്നുണ്ട്. 
 

kottayam house wife murder investigation continues with accused
Author
Kottayam, First Published Jun 4, 2020, 5:36 PM IST

കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകകവുമായി ബന്ധപ്പെട്ട് പ്രതി മുഹമ്മദ് ബിലാലിനെ കൃത്യം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി താമസിച്ചിരുന്ന വേളൂരിലെ വീട്ടിലാണ് ആദ്യം തെളിവെടുപ്പിനെത്തിച്ചത്. തുടർന്നാണ് കൊലപാതകം നടന്ന വീട്ടിലേക്കെത്തിച്ചത്.  ഇവിടെ നിന്ന് പ്രതി മോഷ്ടിച്ച കാറും 28 പവൻ സ്വർണവും ഇന്ന് പൊലീസ് കണ്ടെടുത്തിരുന്നു. അതേസമയം, പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളാണ് എന്നാണ് ബന്ധുക്കളുടെ പ്രതികരണം. പ്രതിക്ക് കുട്ടിക്കാലം മുതലേ കുറ്റവാസനയുള്ളതായും ബന്ധുക്കൾ മൊഴി നൽകി.

തെളിവെടുപ്പിനിടെ പൊലീസിനോട് പൂർണമായും സഹകരിക്കുന്ന നിലപാടാണ് പ്രതി സ്വീകരിച്ചത്. ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി ഇയാൾ നൽകുന്നുണ്ട്. തെളിവെടുപ്പിന് ശേഷം ഇയാളെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്ന് തന്നെ വീഡിയോ കോൺഫറൻസിലിങ്ങിലൂടെ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 

കോട്ടയം കൊലപാതകത്തിന് ശേഷം പ്രതിയായ മുഹമ്മദ് ബിലാൽ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ ആലപ്പുഴ മുഹമ്മദൻസ് സ്കൂളിന് സമീപത്തുനിന്നാണ് ഇന്ന് കണ്ടെത്തിയത്. പ്രതിയെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിക്ക് ചെറുപ്പം മുതൽ അറിയാവുന്ന സ്ഥലമാണ് ഇവിടമെന്നും ബന്ധുവീടുകൾ ഉള്ളതുകൊണ്ടാണ് കാർ ഇവിടെ ഉപേക്ഷിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. 

കോട്ടയത്തെ നടുക്കിയ കൊലപാതകക്കേസിലെ പ്രതി മുഹമ്മദ് ബിലാൽ കൃത്യത്തിന് ശേഷം ഒളിവിൽ കഴിഞ്ഞത് എറണാകുളം എടപ്പള്ളിയിലെ വാടക വീട്ടിലാണ്. എടപ്പള്ളി കുന്നുംപുറത്തെ ഹോട്ടലിൽ ജോലിക്കെന്ന വ്യാജേനയെത്തിയ ബിലാലിനെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് വാടക വീട്ടിൽ നിന്ന് പിടികൂടിയത്. ഷീബയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം  പ്രതി മോഷ്ടിച്ച സ്വർണ്ണവുമായെത്തിയത് എറണാകുളം എടപ്പള്ളിക്കടുത്ത കുന്നുംപുറത്താണ്. കുന്നുംപുറം സ്വദേശി നിഷാദിന്റെ ഹോട്ടലിൽ ജോലിതേടി. കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞ കൊലപാതക കേസിലെ പ്രതിയാണെന്ന് തിരിച്ചറിയാതെ ഹോട്ടലുടമ ഇയാൾക്ക് ജോലി നൽകി. ഹോട്ടലിലെ ജീവനക്കാർക്ക് താമസിക്കാനായി വാടകയ്ക്കെടുത്ത വീട്ടീൽ താമസവുമൊരുക്കി. 

ഇതിനിടെയാണ് പ്രതി എറണാകുളത്തുണ്ടെന്ന വിവരം അന്വേഷണസംഘത്തിന് ലഭിക്കുന്നത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം എറണാകുളത്തെത്തിയ കോട്ടയം വെസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രാത്രിയോടെ പ്രതിയെ പിടികൂടി. പുലർച്ചെയോടെ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി രാവിലെ എട്ടരയോടെ തെളിവെടുപ്പിനായി കുന്നുംപുറത്തെ വീട്ടിലെത്തിച്ചു. പ്രതി ബിലാൽ താമസിച്ച മുറിയിലെ അലമാരിയിൽ നിന്നാണ് ഷീബയുടെ 28 പവൻ സ്വർണ്ണം കണ്ടെത്തിയത്. ജുവല്ലറി ജീവനക്കാരെ എത്തിച്ച് സ്വർണ്ണത്തിന്റെ മാറ്റും തൂക്കവും പരിശോധിച്ചു. ബിലാലിന് എറണാകുളത്തെത്താൻ ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. 

 

Follow Us:
Download App:
  • android
  • ios