Asianet News MalayalamAsianet News Malayalam

കോടികളുടെ തട്ടിപ്പ്; വെട്ടിലായി കുന്ദമംഗലം അർബൻ സൊസൈറ്റിയിലെ നിക്ഷേപകർ

എഴരക്കോടിയിലേറെ രൂപയുടെ തട്ടിപ്പാണ്  കുന്നമംഗലം അർബൻ സൊസൈറ്റിയില്‍ നടന്നതെന്നാണ്  പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. 

kozhikode kunnamangalam urban Co-operative Society cheating
Author
Kozhikode, First Published Jul 21, 2020, 12:24 AM IST

കോഴിക്കോട്: കോടികളുടെ തട്ടിപ്പ് നടന്ന കോഴിക്കോട് കുന്ദമംഗലം അർബൻ സൊസൈറ്റിയിലെ നിക്ഷേപകർ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയില്‍. ഒരു ആയുസിന്റെ സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ചവരും ഇക്കൂട്ടത്തിലുണ്ട്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും തട്ടിപ്പ് നടത്തിയ‍ യു‍ഡിഎഫ് ഭരണസമിതിക്കും ജീവനക്കാർക്കുമെതിരെ ഉന്നതതല അന്വേഷണം വേണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.

എഴരക്കോടിയിലേറെ രൂപയുടെ തട്ടിപ്പാണ്  കുന്നമംഗലം അർബൻ സൊസൈറ്റിയില്‍ നടന്നതെന്നാണ്  പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. ഒന്നേകാൽ കോടി രൂപ തട്ടിയെടുത്ത ക്യാഷ്യർ കം അറ്റൻഡർ സെറീന രണ്ടുകൊല്ലം മുമ്പ് അറസ്റ്റിലാവുകയും ചെയ്തു. പിന്നാലെ സെറീനയെ സൊസൈറ്റി പുറത്താക്കി. പക്ഷേ തട്ടിപ്പ് സെറീനയിൽ അവസാനിക്കുന്നില്ലെന്നാണ് നിക്ഷേപകർ പറയുന്നത്. യുഡിഎഫ് ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും മറ്റ് ജീവനക്കാരും പണം തട്ടിയെന്നാണ് പരാതി. അതേസമയം തന്നെ ബലിയാടാക്കി എന്നാണ് പുറത്താക്കിയ ജീവനക്കാരിയുടെ പ്രതികരണം.


എന്നാൽ സെറീന പണം തട്ടിയതോടെയാണ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് പോയതെന്നാണ് സെക്രട്ടറി ജിഷയുടെ  വിശദീകരണം. 2008 മുതലുള്ള ക്രമക്കേടാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പക്ഷേ ഒരുഭാഗത്ത് തട്ടിപ്പ് നടക്കുമ്പോഴും സൊസൈറ്റി ലാഭത്തിലായിരുന്നു എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍. 

അതുകൊണ്ടുതന്നെ ഓഡിറ്റര്‍മാരെയും അന്വേഷണത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് പരാതിക്കാരുടെ ആവശ്യം. സാന്പത്തിക കുറ്റകൃത്യം ആയതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും സഹകരണ വകുപ്പിന്‍റെ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും നിക്ഷേപകർ പരാതിപ്പെടുന്നു.

ചട്ടങ്ങൾ മറികടന്ന് ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് സൊസൈറ്റി നിക്ഷേപകരെ ആകർഷിച്ചത്. തട്ടിപ്പ് പുറത്തായി പണം നഷ്ടപ്പെട്ടവര്‍ രംഗത്തെത്തി. പക്ഷാഘാതം വന്ന് പാതി സ്വാധീനക്കുറവുള്ള ശരീരവുമായി സുബ്രഹ്മണ്യം സൊസൈറ്റി അധികൃതരോട് അപേക്ഷിക്കാത്ത ദിവസങ്ങളില്ല. സുബ്രഹ്മണ്യത്തെ പോലെ നിരവധിപ്പേർ തട്ടിപ്പിനിരയായി ദുരിതത്തിലായിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios