കോഴിക്കോട്: സമാനമായ രീതിയില്‍ ആറുപേരുടെ ദുരൂഹമരണത്തില്‍ ഉയര്‍ന്ന പരാതിയില്‍ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച്. മരിച്ചവരുടെ കല്ലറ തുറന്ന് വീണ്ടും പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. കോഴിക്കോട് കൂടത്തായിയില്‍ 2002നും 2016നും ഇടയില്‍ നടന്ന ആറു മരണങ്ങളാണ് ദുരൂഹമെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. അതീവ ദുരൂഹമായ ഈ സംഭവത്തിന്‍റെ നാള്‍ വഴികളും ഒരു സിനിമക്കഥ പോലെ നാടകീയമാണ്.

2002 ലാണ് കേസിനാസ്പദമായ ആദ്യ മരണം നടക്കുന്നത്. അന്നമ്മയായിരുന്നു ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണാണ് അന്നമ്മ മരിച്ചത്. അന്ന് ഇതില്‍ ആരും ദുരൂഹത സംശയിച്ചില്ല. പിന്നീട് ഒരു വർഷത്തിനശേഷം  ടോംതോമസും മരിച്ചു. ഛർദ്ദിച്ച് അവശനായായിരുന്നു ടോമിന്‍റെ മരണം. വീണ്ടും  ഒരു വര്‍ഷത്തിന് ശേഷമാണ്  മകൻ റോയ് മരിച്ചത്. തൊട്ടുപിന്നാലെ തന്നെ മാത്യുവും മരിച്ചു. പിന്നീടാണ് ഷാജുവിന്‍റെ മകന്‍ പത്ത് മാസം പ്രായമായ കുഞ്ഞും ആറ് മാസത്തിന് ശേഷം അമ്മ സിലിയും മരിക്കുന്നത്. 

മരണങ്ങളില്‍ പലതും പെട്ടന്ന് കുഴഞ്ഞു വീണായിരുന്നു. അതിനാല്‍ ഹൃദയാഘാതമാണെന്ന സംശയമായിരുന്നു ബന്ധുക്കള്‍ക്കുള്ളത്.
അധികം വൈകാതെ റോയിയുടെ പിതൃസഹോദര പുത്രനായ  പൊന്നാമറ്റത്തിൽ ഷാജു എന്ന അധ്യാപകനും , മരിച്ച റോയിയുടെ ഭാര്യയും ഇടുക്കി സ്വദേശിയുമായ ജോളിയും തമ്മില്‍ വിവാഹിതരായി. ഇതിനിടെ റോയിയുടെ സഹോദരൻ  അമേരിക്കയിലുള്ള റോജോ നാട്ടിലെത്തി.

അപ്പോഴേക്കും പിതാവ്  ടോംതോമസിന്‍റെ പേരിലുള്ള സ്വത്തുക്കളെല്ലാം മരിച്ച റോയിയുടെ  ഭാര്യയായ ജോളിയുടെ പേരിലാക്കിയിരുന്നു. ഒസ്യത്ത് എഴുതിവച്ചിരുന്നുവെന്നാണ് ജോളി ബന്ധുക്കളോടെല്ലാം പറഞ്ഞത്. എന്നാല്‍ റോജോ ഇക്കാര്യം വിശ്വസിച്ചില്ല. റവന്യൂഅധികൃതര്‍ക്കും മറ്റും പരാതി നല്‍കിയതോടെ അന്വേഷണം നടത്തി  സ്വത്തുക്കള്‍ ടോം തോമസിന്‍റെ പേരിലാക്കി തിരിച്ചെഴുതി. ഇതോടെ ജോളി സംശയത്തിന്‍റെ നിഴലിലായി . സമാനസ്വഭാവമുള്ള മരണങ്ങളാണ് കുടുംബത്തിലുണ്ടായതെന്ന് അറിഞ്ഞതോടെ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് റോജോ വിശ്വസിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

മരണസ്ഥലത്തെല്ലാം ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നതും സംശയം ബലപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം റോജോ പോലീസുകാരോടും പറഞ്ഞിരുന്നു. വീട്ടിലെത്തിയ റോയി ഭക്ഷണം കഴിക്കുന്നതിനു മുന്പായി ബാത്റൂമിൽ പോയെന്നും അവിടെവച്ചു ബോധംകെട്ടെന്നുമാണ്  ഭാര്യ ജോളി ആദ്യം പോലീസിനു മൊഴി നൽകിയത്. എന്നാൽ മരിക്കുന്നതിന് 15 മിനിട്ടുമുന്പ് റോയി ചോറും കടലക്കറിയും കഴിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ   വ്യക്തമായിരുന്നു.

പിറ്റേന്ന് മെഡിക്കൽ കോളജിൽ  പോസ്റ്റ്മോർട്ടം ന‌ടത്തിയപ്പോഴാണ് ഉള്ളിൽ സയനൈഡിന്‍റെ അംശം കണ്ടെത്തിയത്. ഇതുപക്ഷെ രഹസ്യമാക്കി വച്ചു.
റോജോയുടെ  പരാതിയെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം വിശദമായി അന്വേഷിക്കുകയും മരണങ്ങളെല്ലാം കൊലപാതകമാവാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടും നല്‍കി. ഇതോടെ ലോക്കല്‍ പോലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതേതുടര്‍ന്നാണ് ക്രൈംബ്രാഞ്ച് മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചത്. ഭക്ഷണത്തില്‍ സൈനഡ് കലർന്നതാവാം  മരണകാരണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ  സംശയം.

ജോളിക്ക് കോഴിക്കോട് എൻഐടിയിൽ ലക്ചററായി ജോലിയാണെന്ന് നാട്ടിൽ പ്രചരിപ്പിച്ചിരുന്നതായും ഇത് കളവാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. റോയിയുടെ മരണശേഷം പിതാവിന്‍റെ പേരിലുള്ള സ്വത്ത് റോയിയുടെ കുടുംബത്തിന് നൽകരുതെന്ന് അമ്മാവനായ മാത്യു മഞ്ചാടിയിൽ ബന്ധുക്കളോടു പറഞ്ഞിരുന്നതായും, ഇതിനുശേഷമാണ് അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

മരിച്ച അന്നമ്മ ഏകമകളുടെ വിവാഹത്തിനായി കരുതിവച്ച ആഭരണങ്ങളിൽ  ഒരു പവൻ വീതമുള്ള  എട്ട് വളകള്‍ കാണാതായാതായും  ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള  ആരുടേയോ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈബ്രാഞ്ചിന്‍റെ നിഗമനം.  അതേസമയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. 

സാഹചര്യതെളിവുകളെല്ലാം സംശയത്തിന്‍റെ നിഴലിലുള്ള ഒരാൾക്കെതിരാണെന്ന് അറിയുന്നു. ഇവരിപ്പോള്‍ പോലീസിന്‍റെ  നിരീക്ഷണത്തിലാണുള്ളത്.ബ്രെയിൻ മാപിങ്ങ് അടക്കം ശാസ്ത്രീയ പരിശോധന നടത്താനും നീക്കമുണ്ട്. സൈനഡ് കഴിച്ചാണെങ്കില്‍ പല്ലില്‍ പറ്റിയിരിക്കുന്ന അംശം വര്‍ഷങ്ങള്‍ക്കു ശേഷവും നശിക്കാതെയുണ്ടാവുമെന്നാണ് ഫോറന്‍സിക് വിഗദ്ധര്‍ പറയുന്നത്. ഇതേതുടര്‍ന്നാണ് ഫോറന്‍സിക് പരിശോധന നടത്തുന്നത്.ആറിൽ നാലുപേരെ സംസ്ക്കരിച്ചത് കൂടത്തായി സെമിത്തേരിയിലും രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ആവശ്യമെങ്കിൽ കോടഞ്ചേരിയിലെ കല്ലറയിലും ശാസ്ത്രീയപരിശോധന നടത്തും.