കൊച്ചി: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി കൊച്ചിയിൽ കോഴിക്കോട് സ്വദേശി പിടിയിലായി. പാർട്ടി ഡ്രഗായ മെത്തലിന് ഡൈ മെത്താം ഫിറ്റമിനാണ് ഇദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നത്. 

കോഴിക്കോട് സ്വദേശി അഭിജിത്തി(24)നെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മയക്കുമരുന്ന് അര ഗ്രാം കൈവശം വച്ചാൽ തന്നെ പത്ത് വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

അഭിജിത്തിൽ നിന്ന് രണ്ട് ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്.  കളമശ്ശേരി മെഡിക്കൽ കോളേജിന് സമീപം ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. ഇന്ന് പുലർച്ചെ ഒരു മണിയോടെ കലൂർ മെട്രോ സ്റ്റേഷന് സമീപം ഇടപാടുകാരനെ കാത്ത് നിൽക്കുമ്പോഴാണ് പോലീസിന്റെ പിടിയിലായത്.

നേരിൽ പരിചയമുള്ളവർക്ക് മാത്രമേ ഇയാൾ സാധനം കൈമാറുകയുള്ളു. പണം യുപിഐ വഴി ട്രാൻസ്ഫർ ചെയ്യുകയാണ് പതിവ്. ഗ്രാമിന് 2500/- മുതൽ 4000/- രൂപ വരെയാണ് ഇയാൾ ഈടാക്കിയിരുന്നത്. ഇയാൾക്ക് സാധനം നൽകിയവരെയും ഇയാളുടെ ഇടപടുകാരെയും അന്വഷിച്ചു വരികയാണ്. പിടിച്ചെടുത്ത മയക്കു മരുന്നിനു അന്താരാഷ്ട്ര മാർകറ്റിൽ കിലോയ്ക്ക് ഒരു കോടി രൂപ വിലവരും.