കോഴിക്കോട്: ബാലുശ്ശേരിയില്‍ നേപ്പാളി സ്വദേശിയായ ആറു വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലെന്ന് സൂചന. ഉടൻ അറസ്റ്റ് ഉണ്ടായേക്കും. അന്വേഷണം അവസാനഘട്ടത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാൾ സ്വദേശിനിയായ ആറ് വയസുകാരി പീഡനത്തിന് ഇരയായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനായിട്ടില്ല. 

രണ്ട് നേപ്പാൾ സ്വദേശികളും രണ്ട് നാട്ടുകാരുമാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛനേയും അയാളുടെ നേപ്പാൾ സ്വദേശിയായ സുഹൃത്തിനേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സമീപ പ്രദേശത്തുള്ള ചിലരും പൊലീസിന്റെ സംശയമുനയിലുണ്ട്. അന്വേഷണം നിർണായക ഘട്ടത്തിലൂടെ കടന്നുപോകുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ചില സൂചനകളനുസരിച്ചുള്ള ചോദ്യം ചെയ്യലാണ് തുടരുന്നത്. പ്രതിയിലേക്ക് ഉടനെ തന്നെ എത്താനാകുമെന്നും പൊലീസ് പറയുന്നു. 

സ്വകാര്യ ഭാഗത്ത് മുറിവടക്കമുള്ള ഗുരുതരമായ പരിക്കുകളോടെ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി അപകട നില തരണം ചെയ്തതായി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. പിണങ്ങി പുറത്തുപോയ ഭാര്യയെ അന്വേഷിച്ച് അച്ഛൻ പോയ സമയത്താണ് ആറ് വയസുകാരി പീഡനത്തിനിരയായത്. അച്ഛനും അമ്മയും തിരിച്ചെത്തിയപ്പോൾ പെണ്‍കുട്ടിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടും മൂന്നും വയസ്സുള്ള സഹോദരന്മാർ മാത്രമേ ഈ സമയത്ത് പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്നുള്ളു.