കോഴിക്കോട്: സുധീർ ബാബു കൊലക്കേസിൽ ഒന്നാം പ്രതി നൗഫലിന് ജീവ പര്യന്തം തടവ് ശിക്ഷ പ്രഖ്യാപിച്ചു. കൂട്ടുപ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. സ്വവർഗ ലൈംഗികതയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് രണ്ട് വർഷം മുമ്പ് പന്നിയങ്കര സ്വദേശി സുധീർ കൊല്ലപ്പെട്ടത്. കോഴിക്കോട് റെയില്‍വേ ക്വാര്‍ട്ടേഴ്സിലാണ് സുധീർ ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. പയ്യാനക്കൽ ചക്കുംകടവ് സ്വദേശി സിക്കന്ദറിന്‍റെ മകനായിരുന്നു സുധീർ ബാബു. കൊലപാതകത്തിന് പിന്നാലെ നല്ലളം ബസാർ വടക്കേത്തടത്തിൽ മുന്ന മൻസിലിൽ നൗഫലിനെ(26) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2018 നവംബർ അഞ്ചിന് രാവിലെയാണ് സുധീർ കൊല്ലപ്പെട്ടതെന്ന് പ്രതി മൊഴി നൽകി. മദ്യലഹരിയിൽ വാക്കേറ്റത്തിനിടെ കല്ലുകൊണ്ട് തലക്കടിയേറ്റാണ് മരണമെന്നും സ്വവർഗ ലൈംഗിക ബന്ധത്തിനുള്ള ശ്രമമാണ് തർക്കത്തിൽ കലാശിച്ചതെന്നും പൊലീസ് കണ്ടെത്തി. സുധീർ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ നവംബർ 18ന് പന്നിയങ്കര പൊലീസ് പരാതി നൽകിയിരുന്നു. തുടർന്ന് പന്നിയങ്കര പൊലീസും സിറ്റി പൊലീസ് ക്രൈം സ്കോഡും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്. ചൊവ്വാഴ്ചയാണ് നൗഫലിനെ പൊലീസ് പിടികൂടിയത്. നൗഫല്‍ മറ്റൊരു കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി‍യ ശേഷമാണ് സുധീർ ബാബുവിനെ കൊലപ്പെടുത്തിയത്.