വീടിനോട് ചേർന്നുള്ള ഐസ് പ്ലാന്‍റിലെ വൈദ്യുതി ബിൽ അടച്ചില്ലെന്ന് ആരോപിച്ചാണ് ഫ്യൂസ് ഊരിയത്. എന്നാൽ വീട്ടിലെത്തിയ ഉദ്യോഗസ്ഥൻ വീട്ടുകാരെ അറിയിക്കാതെയാണ് ഫ്യൂസ് ഊരിയതെന്നും നേരത്തെ തന്നെ ഓൺലൈനായി പണം അടച്ചെന്ന് അറിയിച്ചെങ്കിലും ഇത് കേൾക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്നും വീട്ടുകാർ പറയുന്നു

കോഴിക്കോട്: വൈദ്യുതി ബിൽ അടച്ചില്ലെന്ന് ആരോപിച്ച് ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥൻ മർദ്ദിച്ചതായി പരാതി. കോഴിക്കോട് പറമ്പിൽ കടവിലെ സുഹറാബിയാണ് ജീവനക്കാരൻ മർദ്ദിച്ചെന്ന് ആരോപിച്ച് ചേവായൂർ പൊലീസിൽ പരാതി നൽകിയത്. വെള്ളിയാഴ്ച രാവിലെ 11.45ഓടെയാണ് കക്കോടിയിലെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പറമ്പിൽ കടവിലുള്ള ജുനൈസിന്‍റെ വീട്ടിൽ ഫ്യൂസ് ഊരാനായി എത്തിയത്.

വീടിനോട് ചേർന്നുള്ള ഐസ് പ്ലാന്‍റിലെ വൈദ്യുതി ബിൽ അടച്ചില്ലെന്ന് ആരോപിച്ചാണ് ഫ്യൂസ് ഊരിയത്. എന്നാൽ വീട്ടിലെത്തിയ ഉദ്യോഗസ്ഥൻ വീട്ടുകാരെ അറിയിക്കാതെയാണ് ഫ്യൂസ് ഊരിയതെന്നും നേരത്തെ തന്നെ ഓൺലൈനായി പണം അടച്ചെന്ന് അറിയിച്ചെങ്കിലും ഇത് കേൾക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്നും വീട്ടുകാർ പറയുന്നു.

മാത്രവുമല്ല, ഫ്യൂസ് ഊരാനെത്തിയ ഉദ്യോഗസ്ഥൻ പ്രകോപനമൊന്നും കൂടാതെ ജുനൈസിന്‍റെ സഹോദരി സുഹറാബിയെ മർദ്ദിച്ചെന്നും വീട്ടുകാർ ആരോപിച്ചു. സംഭവത്തിൽ കെഎസ്ഇബിക്കും പൊലീസിനും വനിതാ കമ്മീഷനും വീട്ടുകാർ പരാതി നൽകി.

എന്നാല്‍, കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും വീട്ടുകാർ മർദ്ദിച്ചെന്നും ചൂണ്ടിക്കാട്ടി ജുനൈസിനെതിരെ കെഎസ്ഇബി ഉദ്യോഗസ്ഥനും പൊലീസിൽ പരാതി നൽകി. കെഎസ്ഇബി ഉദ്യോഗസ്ഥൻ വീട്ടിലെത്തിയപ്പോൾ താൻ വീട്ടിലുണ്ടായിരുന്നില്ലെന്ന് ജുനൈസ് പറഞ്ഞു. രണ്ട് പേരുടെ പരാതിയിലും അന്വേഷണം നടത്തുകയാണെന്ന് ചേവായൂർ പൊലീസ് അറിയിച്ചു.