കുവൈത്ത് സിറ്റി: കുവൈത്തിൽ ജനസംഖ്യാ ക്രമീകരണ നടപടികൾക്കായി പ്രത്യേക അതോറിറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യം ഉന്നയിച്ച്​ പാർലിമെന്‍റില്‍ കരടുനിയമം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം എംപിമാർ. വിദേശികളുടെ എണ്ണം 30 ശതമാനമെങ്കിലും കുറച്ചുകൊണ്ടുവരണമെന്നാണ് എംപിമാരുടെ നിലപാട്. ഇന്ത്യക്കാരെയാണ് ഇത് ഏറെ ബാധിക്കുക.

കുവൈത്തിൽ ജനസംഖ്യാബലത്തിൽ മുന്നിലുള്ള വിദേശ രാജ്യക്കാരെ കൂടുതൽ ഒഴിവാക്കണമെന്നതാണ് എംപിമാരുടെ പ്രധാന ആവശ്യം. ജനസംഖ്യയിലെ സ്വദേശി വിദേശി അന്തരം വലിയ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതായാണ് പാർലമെൻറ്​ അംഗങ്ങളുടെ വിലയിരുത്തൽ. 

ജനസംഖ്യാ ക്രമീകരണ നടപടികളുടെ ഭാഗമായി സർക്കാർ മേഖലയിലെ സ്വദേശിവല്‍ക്കരണം ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും സർക്കാർ പ്രശ്നം വേണ്ടത്ര ഗൗരവത്തിൽ കൈകാര്യം ചെയ്യുന്നില്ല എന്നാണ്​ എംപിമാർ പരാതിപ്പെടുന്നത്. 

ജനസംഖ്യാക്രമീകരണം സാധ്യമാക്കാൻ ദേശീയ തലത്തിൽ സ്വതന്ത്ര ചുമതലയുള്ള അതോറിറ്റി രൂപീകരിക്കുകയാണ്​ ഈ പ്രശ്‌നത്തിന് പരിഹാരമായി ഇവർ നിർദേശിക്കുന്നത്. ഇക്കാര്യം പാർലമെൻറിൽ കരട് പ്രമേയത്തിലൂടെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എംപിമാർ.

ഏറ്റവും വലിയ വിദേശി സമൂഹം എന്ന നിലയിൽ ഇന്ത്യക്കാർക്ക്​ ആശങ്കയുണ്ടാക്കുന്നതാണ്​ നിലവിലെ നിർദേശം. വിവിധ രാജ്യങ്ങളിൽനിന്നുള്ള അവിദഗ്ധ ജോലിക്കാരെ പുറത്താക്കണമെന്ന ആവശ്യം വളരെ കാലമായി പാർലമെൻറിൽ ഉയർന്നു വരികയാണ്.