തിരുച്ചിറപ്പള്ളി: തമിഴ്നാടിനെ ഞെട്ടിച്ച് വന്‍ സ്വര്‍ണക്കവര്‍ച്ച നടത്തിയ സംഭവത്തിന്‍റെ ആസൂത്രണം നെറ്റ് ഫ്ലിക്സ് സീരീസിനെ അധികരിച്ചെന്ന് റിപ്പോര്‍ട്ട്.  തിരുച്ചിറപ്പള്ളിയിലെ ലളിതാ ഗോള്‍ഡിന്‍റെ ശാഖയില്‍ നിന്നാണ് മുഖം മൂടി ധരിച്ചെത്തിയ രണ്ടംഗസംഘം 13 കോടി രൂപ മൂല്യം വരുന്ന സ്വര്‍ണം കവര്‍ന്നത്.  സംഭവത്തില്‍ എട്ട് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയിലാവുകയും ചെയ്തു. 

നഗരമധ്യത്തിലെ ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന ജ്വല്ലറി അതിവിദഗ്ദ്ധമായാണ് കവര്‍ച്ചാസംഘം കൊള്ളയടിച്ചത്. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ജ്വല്ലറി കൊള്ളയടിക്കപ്പെട്ടത്. ജ്വല്ലറിയുടെ പിന്‍വശത്തെ ചുമര്‍ തുറന്ന് അകത്തു കയറിയ കവര്‍ച്ചാ സംഘം പരമാവധി സ്വര്‍ണം ശേഖരിച്ച് രക്ഷപ്പെടുകയായിരുന്നു.  രാവിലെ കട തുറക്കാനായി ജീവനക്കാര്‍ എത്തിയപ്പോള്‍ ആണ് കവര്‍ച്ചാ വിവരം പുറംലോകം അറിയുന്നത്. 

മൃഗങ്ങളുടെ മുഖംമൂടി ധരിച്ചെത്തിയ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ ജ്വല്ലറിയിലെ സിസിടിവി ക്യാമറകളില്‍ പതിയുകയും ചെയ്തിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലായാണ് കവര്‍ച്ച നടന്നത്. എന്നാല്‍ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വന്‍ കൊള്ള പ്രതികള്‍ ആസൂത്രണം ചെയ്തത് നെറ്റ്ഫ്ലിക്സ് സീരീസായ മണി ഹീസ്റ്റ് കണ്ടതിന് ശേഷമാണെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായ പ്രതികളുമായി  ബന്ധമുള്ള തിരുവാരൂര്‍ മുരുഗന്‍ എന്നയാളാണ് ഇതിന്‍റെയെല്ലാം സൂത്രധാരന്‍ എന്നാണ് കരുതുന്നത്. 

മണി ഹീസ്റ്റ് സീരീസിലെ അവസാന സീസണിലെ സീനുകള്‍ക്ക് സമാനമായി മുരുഗന്‍ കാറില്‍ സഞ്ചരിച്ചുകൊണ്ടിരുക്കുകയാണെന്നും ഇയാള‍് വാക്കി ടോക്കി വഴി മാത്രമേ ഇവരുമായി ബന്ധം പുലര്‍ത്തിയുള്ളൂവെന്നുമാണ് പൊലീസിന്‍റെ വിവരം. വലിയ സിനിമാ പ്രേമിയായ മുരുഗന്‍  2011ല്‍ സിനിമ നിര്‍മിക്കാന്‍ ശ്രമം നടത്തിയതായും വിവരമുണ്ട്. 150ലധികം കേസുകളുണ്ടെങ്കിലും പൊലീസിന് ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. മോഷണത്തിന്റെ പ്ലാന്‍ മുരുഗന്‍ തയ്യാറാക്കിയത് മണി ഹീസ്റ്റ് കണ്ടതിന് ശേഷമാണെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

സീരീസിലേതിന് സമാനമായി മുഖംമൂടി അണിഞ്ഞാണ് ത്രിച്ചിയിലും മോഷണം  നടത്തിയത്. പ്രൊഫസര്‍ എന്ന് വിളിക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ നോട്ടടി കേന്ദ്രത്തില്‍ നടത്തുന്ന മോഷണമാണ് ആദ്യ സീസണ്‍ മണി ഹീസ്റ്റിന്‍റെ പ്രമേയം. രണ്ടാം സീസണില്‍ കരുതല്‍ സ്വര്‍ണമോഷണവും പ്രമേയമാകുന്നു. അലെക്സ് പിനയാണ് ആക്ഷന്‍, ത്രില്ലര്‍ സീരീസ് ഷോയുടെ ക്രിയേറ്റര്‍.