അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും തമ്മിലുള്ള തർക്കങ്ങള്‍ പരിഹാരിക്കാനാണ് പുതിയ തീരുമാനം. ഇത് നടപ്പാക്കാൻ കൂടുതൽ അഭിഭാഷക തസ്തികള്‍ സൃഷ്ടിക്കേണ്ടിയും വരും. 

തിരുവനന്തപുരം: വിജിലൻസിൽ നിയമോപദേശകരെ വിഭജിക്കാൻ തീരുമാനം . നിയമോപദേശം നൽകാൻ ഒരു വിഭാഗവും കേസു നടത്താൻ മറ്റൊരു വിഭാഗവുമായാണ് അഭിഭാഷകരെ വിഭജിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരും അഭിഭാഷകരും തമ്മിലുള്ള തർക്കങ്ങള്‍ പരിഹാരിക്കാനാണ് പുതിയ തീരുമാനം.

വിജിലൻസിലെ നിയമോപദേശകരുടെ അഭിപ്രായങ്ങള്‍ അന്വേഷണ ഉദ്യോസ്ഥൻ പരിഗണിക്കേണ്ടതില്ലെന്ന മുൻ വിജിലൻസ് ഡയറക്ടർ എൻ സി അസ്താനയുടെ സർക്കുലറോടെയാണ് തർക്കങ്ങള്‍ തുടങ്ങുന്നത്. ഇതോടെ വിജിലൻസിലെ നിയമപദേശകരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെയും ചിലപ്പോഴെല്ലാം അഭിപ്രായങ്ങൾ തള്ളിയും അന്വേഷണ ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ കേസെടുകളെടുക്കുകയും കുറ്റപത്രംനൽകുകയും ചെയ്തു.

കോടതികളിൽ തുടർച്ചയായി വിജിലൻസിന് തിരിച്ചടികളുണ്ടായതോടെ നിയമോപദേശകരായ അഭിഭാഷകർ മുഖ്യമന്ത്രിക്ക് പരാതി നൽകി. നിയമോപദേശകരെ നോക്കുകുത്തിയാക്കുന്ന സർക്കുലർ പിൻവലിക്കണമെന്നായിരുന്നു ആവശ്യം. പക്ഷെ സർക്കുലർ പിൻവലിച്ചില്ല. ഇതിനിടെ പൊലീസുകാരും അഭിഭാഷകരും തമ്മിലുള്ള തർക്കം രൂക്ഷമായി.

കോടതികളിലെ കേസ് നടത്തിപ്പല്ലാതെ കുറച്ചുമാസങ്ങളായി നിയമപദേശം നൽകൽ അഭിഭാഷകർ പൂർണമായും ഉപേക്ഷിച്ചു. ഇത് വിജിലൻസിന്‍റെ പ്രവർത്തനങ്ങളെ താളം തെറ്റിച്ചതോടെയാണ് ഇക്കാര്യച്ചിൽ ഡയറക്ടർ നിയമോപദേശം തേടിയത്. നിയമപദേശ നൽകുന്നവർ, കുറ്റപത്രം കോടതിയിലെത്തുമ്പോള്‍ അതേ കേസ് നടത്തുന്നത് സുപ്രീം കോടതിവിധിക്കെതിരെന്നായിരുന്നു എജിയുടെ നിലപാട് .

അതിനാൽ നിയമോപദേശം നൽകാനും, കേസു നടത്താനുമായി പ്രത്യേക വിഭാഗങ്ങള്‍ രൂപീകരിക്കാനുമുള്ള അഡ്വക്കേറ്റ് ജനറലിന്‍റെ നിയമപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. ഒരു ലീഗൽ അഡ്വൈസറും 8 അഡീഷണൽ ലീഗൽ അഡ്വൈസർമാരുമാണ് ഇപ്പോഴുളളത്. പുതിയ തീരുമാനം നടപ്പാക്കാൻ കൂടുതൽ അഭിഭാഷക തസ്തികള്‍ സൃഷ്ടിക്കേണ്ടിവരും.