മംഗളൂരു: യുവതികളെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ സയനൈഡ് മോഹന്‍ എന്നറിയപ്പെടുന്ന കായികാധ്യാപകന്‍ മോഹന്‍ കുമാറിന് ഒരു കേസില്‍ കൂടി ജീവപര്യന്തം തടവ്. കാസര്‍കോട് ബദിയഡുക്ക സ്വദേശി ആരതി നായകിനെ (23) കൊലപ്പെടുത്തിയ കേസിലാണ് മംഗളൂരു ജില്ലാ സെഷന്‍സ് കോര്‍ഡ് ജഡ്ജി സയീദുന്നീസ ജീവപര്യന്ത്യം തടവ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ 25,000 രൂപ പിഴയും സയനൈഡ് മോഹന്‍ ഒടുക്കണം. മറ്റ് കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഈ കേസില്‍ ശിക്ഷ ആരംഭിക്കുമെന്ന് ജഡ്ജി പറഞ്ഞു

ബീഡി തെറുപ്പ് തൊഴിലാളിയായിരുന്ന ആരതി നായകിനെ 2006 ജനുവരി നാലിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ആരതിയെ മോഹന്‍ കുമാര്‍ പരിചയപ്പെടുന്നത്. ആരതിയുമായി സൗഹൃദം സ്ഥാപിച്ച ഇയാള്‍ മുന്‍ കേസുകളിലെന്ന പോലെ വിവാഹ വാഗ്ദാനം നല്‍കുകയായിരുന്നു. ഇരുവരും അടുപ്പത്തിലായതോടെ 2006 ജനുവരി മൂന്നിന്  മൈസൂരുവിലെത്തിയ ഇരുവരും  ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു.  

വിനോദ യാത്ര പോകുന്നെന്നും പറഞ്ഞാണ് ആരതി വീട്ടില്‍ നിന്നിറങ്ങുന്നത്. തുടര്‍ന്ന് മസൂരില്‍ ഹോട്ടലില്‍ മുറിയെടുത്ത് ഇരുവരും ഒരു ദിവസം അവിടെ തങ്ങി. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം പിറ്റേന്നു രാവിലെ മറ്റ് കേസുകളിലെപ്പോലെ തന്നെ ആഭരണങ്ങള്‍ അഴിച്ചു വെയ്ക്കാന്‍ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.  തുടര്‍ന്ന് ഇരുവരും കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലെത്തി. ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞ് മോഹന്‍ കുമാര്‍ സയനൈഡ് ഗുളിക ആരതിക്ക് നല്‍കി. ബസ്റ്റാന്‍റിലെ ടോയ്‍ലറ്റില്‍  കയറി ഗുളിക കഴിച്ച ആരതി മരിക്കുകയായിരുന്നു. തുടര്‍ന്ന് തിരികെ ലോഡ്ജ് മുറിയിലെത്തിയ മോഹന്‍ കുമാര്‍ ആരതിയുടെ ആഭരണങ്ങളും എടുത്ത് നാട്ടിലേക്കു മടങ്ങി. 

വിനോദ യാത്രക്ക് മോയ മകള്‍ തിരിച്ച് വരാഞ്ഞതോടെ ആരതിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ബദിയട്ക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം എവിടെയുമെത്തിയില്ല. ഇതിനിടെയാണ് മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മോഹന്‍ കുമാര്‍ അറസ്റ്റിലാകുന്നത്. ഈ കേസിലെ ചോദ്യം ചെയ്യലിലാണ് ആരതി അടക്കം 20 യുവതികളെ കൊലപ്പെടുത്തയതായി ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.  

മൊത്തം 20 യുവതികളെയാണു മോഹന്‍ കുമാര്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്. ഇതില്‍ പത്തൊമ്പതാമത്തെ കേസായിരുന്നു ആരതിയുടേത്. ഈ കേസിലാണ് ഇപ്പോള്‍ വിധി പ്രസ്താവിച്ചത്.  സുള്ള്യയില്‍ ഹോസ്റ്റല്‍ ജീവനക്കാരി ആയിരുന്ന കാസര്‍കോട് മുള്ളേരിയ കുണ്ടാര്‍ സ്വദേശിനി പുഷ്പാവതിയെ (21) കൊലപ്പെടുത്തിയ കേസില്‍ മാത്രമാണു ഇനി വിധി പറയാന്‍ ബാക്കിയുള്ളത്. മോഹനന് ഇതുവരെ അഞ്ച് കേസുകളില്‍ വധശിക്ഷയും 14 കേസുകളില്‍ ജീവപര്യന്തവും വിവിധ കോടതികള്‍ വിധിച്ചിട്ടുണ്ട്.