തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് അശ്ലീല സൈറ്റുകളുടെ ഉപയോഗം കുത്തനെ വർദ്ധിച്ചുവെന്ന് പൊലീസ്. വീടുകളിൽ കഴിയുന്ന കുട്ടികളുടെതടക്കം അശ്ലീല ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നുവെന്നാണ് കണ്ടെത്തൽ. ഇത്തരം ഗ്രൂപ്പുകളെ കണ്ടെത്തിയതായും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ലോക്ക് ഡൗണോട് കൂടി സംസ്ഥാനത്ത് ഇന്‍റർനെറ്റ് ഉപയോഗം കുത്തനെ കൂടി. പക്ഷേ, പലരും ഇത് ദുരുപയോഗം ചെയ്യുകയാണെന്നാണ് പൊലീസ് കണ്ടെത്തൽ. കുട്ടികളുടെ അശ്ലീല വീ‍‍ഡിയോകളും ചിത്രങ്ങളും വ്യാപകമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് പൊലീസിലെ സൈബർ ഡോം കണ്ടെത്തിയത്. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയുമാണ് കൈമാറ്റം.

ലോക്ക് ഡൗൺ മറയാക്കി കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘവും പ്രവർത്തനം ശക്തമാക്കുന്നതായാണ് വിലയിരുത്തൽ. അശ്ലീല സൈറ്റുകളിൽ സന്ദർശിക്കുന്നവരുടെ എണ്ണവും കുത്തനെ വർദ്ധിച്ചു. ഇത്തരം സൈറ്റുകളിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തിരയുന്നവരുടെ എണ്ണവും കൂടി. 200 ലേറെ അംഗങ്ങളുളള 150 ലേറെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്. ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിൻമാരെ കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ശ്രമം.

വീട്ടിനുള്ളിൽ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങളാണ് സൈറ്റുകളിലെത്തിയതെന്നും ചിത്രങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. ചൂഷകർ വീട്ടിനുളളിൽ തന്നെയാണോയെന്നാണ് സംശയം. സൈറ്റുകളുടെ അഡ്മിനിസ്ട്രേറ്റർമാരെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു.