അഞ്ച് മാസം മുമ്പാണ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അനുരാഗും മധു സിങ്ങും വിവാഹം കഴിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം മധുവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ദില്ലി: ഉത്തർപ്രദേശിൽ നവവധു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവിൽ നിന്ന് കഴിഞ്ഞ അഞ്ച് മാസമായി നേരിട്ട ക്രൂരപീഡനത്തെ തുടർന്നാണ് മധു സിങ് മരിച്ചതെന്ന് അവരുടെ കുടുംബം ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരിലാണ് ഭർത്താവ് അനുരാഗ് സിങ് മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതെന്നും മാതാപിതാക്കൾ ആരോപിച്ചു. എന്നാൽ ഭാര്യ ആത്മഹത്യ ചെയ്തതാണെന്നാണ് അനുരാഗിന്റെ മറുപടി. അഞ്ച് മാസം മുമ്പാണ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അനുരാഗും മധു സിങ്ങും വിവാഹം കഴിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം മധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു. പ്രതിയായ അനുരാഗ് സിങ്ങിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരി 25 ന് ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് മധു-അനുരാഗ് വിവാഹം നടന്നത്. അനുരാഗ് ഹോങ്കോങ്ങിലെ ഒരു ഷിപ്പ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ സെക്കൻഡ് ഓഫീസറായി ജോലി ചെയ്തിരുന്നു. വിവാഹ സമയത്ത് അനുരാഗ് സ്ത്രീധനമായി 15 ലക്ഷം രൂപ ആവശ്യപ്പെട്ടതായി മധുവിന്റെ കുടുംബം ആരോപിച്ചു. എന്നാൽ 5 ലക്ഷം രൂപ മാത്രമേ നൽകാൻ കഴിയൂവെന്നാണ് കുടുംബം അറിയിച്ചു. ആവശ്യപ്പെട്ടയത്ര സ്വർണം നൽകാനും സാധിക്കില്ലെന്ന് അറിയിച്ചു.
വിവാഹത്തിന് ശേഷം അനുരാഗ് പലതവണ വിളിച്ച് സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തിയതായി മധുവിന്റെ പിതാവ് ഫത്തേ ബഹാദൂർ സിംഗ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഹോളിക്ക് ശേഷം, വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ, അനുരാഗ് ആദ്യമായി മധുവിനെ ആക്രമിച്ചു. തുടർന്ന് അവർ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങി. തുടർന്ന് അവളുടെ പിതാവ് സ്ത്രീധനം നൽകിയ ശേഷമാണ് അനുരാഗ് അവളെ തിരികെ കൊണ്ടുപോയത്. പക്ഷേ പീഡനം തുടർന്നുവെന്നും ദുഃഖിതയായ പിതാവ് പരാതിയിൽ പറയുന്നു.
മധു ആരോടും സംസാരിക്കുന്നത് അനുരാഗിന് ഇഷ്ടമായിരുന്നില്ലെന്ന് സഹോദരി പ്രിയ പറഞ്ഞു. അവൾക്ക് ഒരു സാമൂഹിക ജീവിതം ഉണ്ടാകണമെന്ന് അയാൾ ആഗ്രഹിച്ചില്ല. അവളുടെ സുഹൃത്തുക്കളോടോ ഞങ്ങളോടോ സംസാരിക്കരുതെന്ന് അയാൾ അവളോട് ആവശ്യപ്പെടുമായിരുന്നു. അവൻ പട്ടണത്തിന് പുറത്തായിരിക്കുമ്പോൾ മാത്രമേ ഞങ്ങൾ സംസാരിക്കുമായിരുന്നുള്ളൂ. കാരണമില്ലാതെ മർദ്ദിക്കാറുണ്ടായിരുന്നു. തന്നോടൊപ്പം മദ്യപിക്കാൻ അയാൾ അവളെ നിർബന്ധിച്ചുവെന്നും പ്രിയ പറഞ്ഞു.
വിവാഹശേഷം മധുവിന് സുഹൃത്തുക്കളുമായുള്ള ബന്ധം നഷ്ടപ്പെട്ടു, അനുരാഗ് പുറത്തുപോകുമ്പോൾ മാത്രമേ അവൾക്ക് ഫോൺ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. അവളുടെ ഫോൺ, കോൾ റെക്കോർഡുകൾ, ഓൺലൈൻ ഓർഡറുകൾ എന്നിവ ഇയാൾ പരിശോധിക്കും.

അനുരാഗിന്റെ അവസാനത്തെ ആക്രമണത്തെക്കുറിച്ച് മധു തന്നോട് പറഞ്ഞതായി പ്രിയ പറഞ്ഞു. അവർ യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു. മധുവായിരുന്നു വാഹമൃനമോടിച്ചത്. റോഡിൽ കുഴികളുണ്ടായിരുന്നതിനാൽ ഇടതുവശത്തേക്ക് മാറി. പുരുഷന്മാരെ അവിടെ കണ്ടതിനാലാണ് ഇടത്തേക്ക് മാറിയതെന്ന് പറഞ്ഞ് ആക്രമിച്ചു. മധുവിനെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന് പ്രിയ പറഞ്ഞെങ്കിലും വീണ്ടും സംഘർഷമുണ്ടാകുമെന്ന് ഭയന്ന് അവൾ അത് വേണ്ടെന്ന് വച്ചുവെന്നും സഹോദരി പറഞ്ഞു. മദ്യപിച്ചപ്പോൾ ഞാൻ കുപ്പി വന്റെ മുന്നിൽ വച്ചില്ലെന്ന് പറഞ്ഞും ക്രൂരമായി തല്ലി. അനുരാഗിന് വിവാഹേതര ബന്ധമുണ്ടെന്നും അടുത്തിടെ തന്റെ മുൻ കാമുകിക്കൊപ്പം നഗരത്തിലെ ഒരു ഹോട്ടലിൽ ഒരു രാത്രി ചെലവഴിച്ചുവെന്നും മധുവിന്റെ പിതാവ് പരാതിയിൽ ആരോപിച്ചു. എന്റെ മകൾ ഗർഭിണിയായിരുന്നു, പക്ഷേ അയാൾ അവളെ ഗർഭഛിദ്രം ചെയ്യാൻ നിർബന്ധിച്ചു. മധു മരിച്ച നിലയിൽ കണ്ടെത്തുന്നതിന് നാല് ദിവസം മുമ്പ്, ജൂലൈ 31 ന് ഹോട്ടൽ ബുക്കിംഗിന്റെ വിശദാംശങ്ങളും കുടുംബം പങ്കുവെച്ചിട്ടുണ്ട്.
മധുവിനെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഉച്ചയ്ക്ക് 112 ഹെൽപ്പ് ലൈനിൽ വിളിച്ചതായി അനുരാഗ് പൊലീസിനോട് പറഞ്ഞു. എന്നാൽ മധുവിന്റെ കുടുംബത്തെ അറിയിച്ചത് വൈകുന്നേരം 4.30 ഓടെയാണ്. ആ ദിവസം ജോലിക്ക് വരരുതെന്ന് വീട്ടുജോലിക്കാരിയോട് അനുരാഗ് പറഞ്ഞതായും പറയുന്നു. വീട്ടുജോലിക്കാരി സന്ദേശം കാണാതെ ജോലിക്ക് വന്നു. അവൾ പലതവണ ബെൽ അടിച്ചു, പക്ഷേ ആരും വാതിൽ തുറന്നില്ലെന്നും പരാതിയിൽ വ്യക്തമാക്കി.
അനുരാഗിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ മധു ആത്മഹത്യ ചെയ്തതാണെന്ന് അയാൾ പറഞ്ഞു. ഭാരതീയ ന്യായ സംഹിത വകുപ്പ് പ്രകാരവും സ്ത്രീധന നിരോധന നിയമപ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തതിനു ശേഷവും അനുരാഗ് സിഗരറ്റ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
