Asianet News MalayalamAsianet News Malayalam

മക്കളെ വിട്ടുകിട്ടാന്‍ ഭര്‍ത്താവ് മകളെ പീഡിപ്പിച്ചെന്ന് കള്ളപ്പരാതി നല്‍കി; യുവതിക്കെതിരെ പോക്സോ കേസ്

ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതി തന്‍റെ 11 വയസുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Madras HC takes action against Woman falsely accuses husband of raping daughter
Author
Chennai, First Published Aug 21, 2019, 5:28 PM IST

ചെന്നൈ: മക്കളെ വിട്ടുകിട്ടാന്‍ ഭര്‍ത്താവ് സ്വന്തം മകളെ പീഡിപ്പിച്ചെന്ന് കള്ളപ്പരാതി നല്‍കിയ യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്. മദ്രാസ് ഹൈക്കോടതിയാണ് കള്ളക്കേസുമായെത്തിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.

ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതി തന്‍റെ 11 വയസുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരുടെ ഭര്‍ത്താവിനെതിരെ കേസെടുത്തു. മുന്‍കൂര്‍ ജാമ്യം നല്‍കിയ ഭര്‍ത്താവ്  ഹൈക്കോടതിയെ സമീപിച്ച് ഇത് കള്ളപ്പരാതിയാണെന്ന് ബോധിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത് വന്നത്.

2003ല്‍ ആണ് യുവതിയുടെ വിവാഹം കഴിയുന്നത്. ഇവര്‍ക്ക് 11ഉം ഒന്നരയും വയസുള്ള പെണ്‍മക്കളുണ്ട്. 2018ല്‍ ആണ് യുവതി ഭര്‍ത്താവിനെതിരെ ഭര്‍ത്താവിനെതിരെ പരാതി നല്‍കുന്നത്. 11 വയസുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ നാട്ടുമരുന്നുകള്‍ ഉപയോഗിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നുമായിരുന്നു പരാതി.

എന്നാല്‍  പിതാവ് തന്നെ പീഡിപ്പിച്ചെന്ന അമ്മയുടെ പരാതി മകള്‍ തള്ളിക്കളഞ്ഞു.  തന്നെ പിതാവ് പീഡിപ്പിച്ചിട്ടില്ലെന്നും ഗര്‍ഭം ധരിച്ചിട്ടില്ലെന്നും യാതൊരു വിധ മരുന്നും കഴിച്ചിട്ടില്ലെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. ഒന്നരവയസുകാരിയായ മകളും പിതാവിനൊപ്പം പോയാല്‍ മതിയെന്ന് കോടതിയില്‍ പറഞ്ഞു. 

തുടര്‍ന്ന്, അന്വേഷണത്തില്‍ ഭര്‍ത്താവുമായി അകല്‍ച്ചയിലുള്ള യുവതി മക്കളെ വിട്ടുകിട്ടാനായി കള്ളപരാതി നല്‍കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് ലൈംഗിക പീഡനം നടന്നെന്ന് കള്ളപ്പരാതി നല്‍കിയ യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ കോടതി വിധിച്ചു. ഭര്‍ത്താവിനെതിരായ കേസ് കോടതി തള്ളി. പോക്സോ നിയമം യുവതി ദുരുപയോഗം ചെയ്തുവെന്നും അര്‍ഹമായ ശിക്ഷ യുവതിക്ക് നല്‍കുമെന്നും ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios