മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളിയിൽ ഏഴ് നക്സലുകൾ കീഴടങ്ങി. ഇവർ ഏഴ് പേരുടെയും തലയ്ക്ക് ആകെ 33.50 ലക്ഷം രൂപയാണ് സർക്കാർ വിലയിട്ടിരുന്നത്. മൂന്ന് പേർ സ്ത്രീകളാണ്.

രാകേഷ് എന്ന ഗണേഷ് സനകു ആച്‌ല, ദേവിദാസ് എന്ന മണിറാം ആച്‌ല, അഖില എന്ന രാധെ ഉറെ, ശിവ പൊടാവി, കരുണ എന്ന കുമ്മെ റാംസിംഗ് മാധവി, രാഹുൽ എന്ന ദാംജി പല്ലോ, രേഷ്‌മ കൊവചി എന്നിവരാണ് കീഴടങ്ങിയത്.

രാകേഷ് നക്സൽ സംഘത്തിന്റെ കമ്മാന്ററും ദേവിദാസ് അദ്ദേഹത്തിന്റെ ഡപ്യൂട്ടിയുമായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് നക്സലുകളാക്കുന്നതിലും നക്സലിസത്തിൽ മനംമടുത്തുമാണ് ഈ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് പൊലീസ് പുറത്തുവിട്ട വിവരം.

ഈ വർഷം ഗഡ്‌ചിറോളിയിൽ മാത്രം 23 നക്സലുകൾ കീഴടങ്ങി. 21 പേരെ അറസ്റ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.