Asianet News MalayalamAsianet News Malayalam

പ്രിയയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്: ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍

താനും അശ്വജിത്തും പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ അശ്വജിത്ത് വിവാഹിതനാണെന്ന കാര്യം തന്നില്‍ നിന്ന് മറച്ചുവച്ചിരുന്നുവെന്നും പ്രിയ.

maharashtra bjp leader son accused of running over girlfriend arrested joy
Author
First Published Dec 18, 2023, 4:55 AM IST

മുംബൈ: കാമുകിയെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ മഹാരാഷ്ട്രയിലെ ഉന്നത ബിജെപി നേതാവും മഹാരാഷ്ട്ര റോഡ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എംഡിയുമായ അനില്‍ ഗെയ്ക്വാദിന്റെ മകന്‍ അശ്വജിത് അറസ്റ്റില്‍. അശ്വജിത്തിനൊപ്പം റോമില്‍ പട്ടേല്‍, സാഗര്‍ ഷെഡ്ഗെ എന്നിവരെയും പിടികൂടിയെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 8.50നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയെ ഇടിച്ച് കൊല്ലാന്‍ ശ്രമിച്ച മഹീന്ദ്ര സ്‌കോര്‍പ്പിയോയും ലാന്‍ഡ്റോവറും പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും മുംബൈ വെസ്റ്റ് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡിസംബര്‍ 11നാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. മഹാരാഷ്ട്ര റോഡ് ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എംഡിയായ അനില്‍ ഗെയ്ക്വാദിന്റെ മകന്‍ അശ്വജിത്തിനെതിരെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ പ്രിയ സിംഗ് ആണ് രംഗത്തെത്തിയത്. 

താനും അശ്വജിത്തും പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ അശ്വജിത്ത് വിവാഹിതനാണെന്ന കാര്യം തന്നില്‍ നിന്ന് മറച്ചുവച്ചിരുന്നുവെന്നും പ്രിയ പറഞ്ഞിരുന്നു. അശ്വജിത്ത് വിവാഹിതനാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ അക്കാര്യം നേരിട്ട് ചോദിച്ചു. എന്നാള്‍ ഭാര്യയുമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നായിരുന്നു അപ്പോഴത്തെ മറുപടി. തന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. താനും അശ്വജിത്തും ഏറെക്കാലമായി ഒരുമിച്ചായിരുന്നു താമസമെന്നും പ്രിയ വിശദീകരിച്ചു. എന്നാല്‍ കഴിഞ്ഞ ആഴ്ച അശ്വജിത്തിനെ കാണാന്‍ പോയപ്പോള്‍ അയാള്‍ക്കൊപ്പം ഭാര്യയുണ്ടായിരുന്നു. ഇത് തനിക്ക് ഷോക്കായി. അതേ ചൊല്ലി തങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായെന്നും പ്രിയ പറഞ്ഞു. 

അശ്വജിത്ത് ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബര്‍ 11ന് താന്‍ അയാളെ കാണാന്‍ പോയിരുന്നുവെന്ന് പ്രിയ പറഞ്ഞു. ഒരു സുഹൃത്തും അശ്വജിത്തിന്റെ കൂടെയുണ്ടായിരുന്നു. അയാളാണ് തന്നെ അപമാനിക്കാന്‍ തുടങ്ങിയത്. ഇടപെടാന്‍ അശ്വജിത്തിനോട് പറഞ്ഞതോടെ അടിക്കാന്‍ തുടങ്ങി. കഴുത്ത് ഞെരിച്ച് കൊല്ലാന്‍ വരെ ശ്രമിച്ചു. തന്റെ കൈയില്‍ കടിക്കുകയും തലമുടിയില്‍ പിടിച്ചു വലിക്കുകയും ചെയ്തു. ഫോണും ബാഗും എടുക്കാന്‍ താന്‍ കാറിനടുത്തേക്ക് ഓടിയപ്പോഴാണ് അശ്വജിത്ത് ഡ്രൈവറോട് വാഹനം ഇടിപ്പിക്കാന്‍ പറഞ്ഞതെന്നും പ്രിയ വിശദീകരിച്ചു. തന്റെ കാലിലൂടെ കാര്‍ കയറ്റിയ ശേഷം അവര്‍ അവിടെ നിന്ന് രക്ഷപ്പെട്ടെന്നാണ് പ്രിയയുടെ പരാതി. 

സംഭവത്തിന് ശേഷം താനെയിലെ കാസര്‍വാഡാവലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഉന്നത സമ്മര്‍ദത്തെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കേസെടുക്കാന്‍ വിസമ്മതിച്ചുവെന്നും പ്രിയ ആരോപിച്ചു. അനില്‍ ഗെയ്ക്വാദ് ബിജെപി നേതാവായത് കൊണ്ട് കേസിനെ രാഷ്ട്രീയസമ്മര്‍ദ്ദങ്ങള്‍ ബാധിച്ചത് കൊണ്ടാണ് അന്വേഷണം താമസിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

'കുതിരവട്ടത്തേക്ക് ഒരു മുറി ആവശ്യമായി വരും'; ഗവര്‍ണര്‍ക്കെതിരെ പിപി ദിവ്യ  
 

Latest Videos
Follow Us:
Download App:
  • android
  • ios