കണ്ണൂർ: കണ്ണൂർ ന​ഗരത്തിൽ കൊലക്കേസ് പ്രതിയായ റഊഫിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയായ എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ. തയ്യിൽ സ്വദേശി നിസാമുദ്ദീനെയാണ് തലശ്ശേരിയിൽ നിന്നും പൊലീസ് പിടികൂടിയത്. ആറ് പേരടങ്ങുന്ന കൊലയാളി സംഘത്തെ നയിച്ചത് നിസാമുദ്ദീനാണെന്ന്  പൊലീസ് പറഞ്ഞു. 

നാല് വർഷം മുൻപ് റഊഫിനെ തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാണ് നിസാമുദ്ദീൻ. എബിവിപി പ്രവർത്തകൻ സച്ചിൻ ഗോപാലിനെ കൊലപ്പെടുത്തിയ കേസുൾപ്പെടെ നിസാമുദ്ദീനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ലീഗ് പ്രവർത്തകനായിരുന്ന റഊഫ് എസ്ഡിപിഐ പ്രവർത്തൻ ഫാറൂഖിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. രാഷ്ട്രീയ വിരോധം വച്ചാണ് എസ്ഡിപിഐ പ്രവർത്തകർ റഊഫിനെ കൊലപ്പെടുത്തിയതെന്ന് റൗഫിന്റെ  കുടുംബം നേരത്തെ പറഞ്ഞിരുന്നു.

കഴിഞ്ഞമാസം അവസാനമാണ് ആദികടലായി സ്വദേശിയായ റഊഫിനെ വെട്ടികൊലപ്പെടുത്തിയത്. ദേഹത്ത് ആഴത്തിലുള്ള വെട്ടുകളും ഒരു കാൽ വെട്ട് കൊണ്ട് തൂങ്ങിയ നിലയിലുമായിരുന്നു റഊഫിന്റെ മൃതദേഹം കണ്ടെത്തിയത്.