Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണിന് പിന്നാലെ തലസ്ഥാന ജില്ലയില്‍ വ്യാജവാറ്റ് വ്യാപകമാവുന്നു

ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പും പൂട്ടിയതോടെയാണ് ജില്ലയിൽ വ്യാജവാറ്റ് വീണ്ടും വ്യാപകമായത്. മണ്ണൂർക്കര മലവിള കോളനിയിൽ നിന്ന് 800 ലിറ്റർ കോടയാണ് എക്സൈസ് ഇന്നലെ പിടിച്ചെടുത്തത്

making of illegal arrack increased due to lockdown
Author
Thiruvananthapuram, First Published May 19, 2021, 2:28 AM IST

തിരുവനന്തപുരം: ലോക്ക്ഡൗണിന് പിന്നാലെ തിരുവനന്തപുരത്തെ വിവിധ മേഖലകളിൽ വ്യാജവാറ്റ് വ്യാപകമാവുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കുളളിൽ രണ്ടായിരം ലിറ്റർ കോടയാണ് ആര്യനാട് മാത്രം എക്സൈസ് പിടികൂടിയത്. വിളപ്പിൽ ശാലയിൽ വാറ്റുപകരണങ്ങളുമായി യുവാവ് പിടിയിലായി. ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പും പൂട്ടിയതോടെയാണ് ജില്ലയിൽ വ്യാജവാറ്റ് വീണ്ടും വ്യാപകമായത്.

മണ്ണൂർക്കര മലവിള കോളനിയിൽ നിന്ന് 800 ലിറ്റർ കോടയാണ് എക്സൈസ് ഇന്നലെ പിടിച്ചെടുത്തത്. കട്ടിയുളള പോളിത്തീൻ കവറിൽ മൂന്നിടങ്ങളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഇത്. പെയിന്റ് ടിന്നിലും കുടങ്ങളിലുമായി സൂക്ഷിച്ചിരുന്ന കോടയും എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. ആളൊഴിഞ്ഞ പുരയിടങ്ങളും കെട്ടിടങ്ങളിലുമാണ് വ്യാജവാറ്റ് നടക്കുന്നത്. കരമനയാറിന്റെ തീരത്തും വ്യാജവാറ്റ് നടക്കുന്നതായി ആക്ഷേപമുണ്ട്.

വിളപ്പിൽശാല ചെറുകോടിയിൽ 100 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി യുവാവ് പിടിയിലായി. ചെറുകോട് കുന്നുമല സ്വദേശി പ്രസാദിനെയാണ് വിളപ്പിൽശാല പൊലിസ് പിടികൂടിയത്. ഇയാളുടെ സ്കൂട്ടറും പൊലിസ് പിടിച്ചെടുത്തു. വ്യാജവാറ്റ് കൂടുതലുളള സ്ഥലങ്ങളിൽ പരിശോധന കർശനമാക്കിയെന്ന് എക്സൈസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios