ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ മോഷ്ടാവെന്നാരോപിച്ചു മലയാളിയുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നു പൂജപ്പുര സ്വദേശി അരവിന്ദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരവിന്ദിനെതിരെ മോഷണക്കുറ്റത്തിന് തമിഴ്നാട് പൊലീസ് കേസെടുത്തു. എന്നാൽ ആള്‍ക്കൂട്ട ആക്രമണത്തിൽ കേസെടുത്തിട്ടില്ല.

വീടുകുത്തിതുറക്കാന്‍ എത്തിയതാണെന്ന് സംശയിച്ചാണ് മലയാളി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത്. മലയന്‍കീഴ് സ്വദേശി ദീപുവിന്‍റെ കൈയ്യും കാലും കെട്ടിയിട്ടായിരുന്നു ആള്‍കൂട്ട ആക്രമണം. തിരുച്ചിറപ്പള്ളി നഗരത്തോട് ചേര്‍ന്നുള്ള ജീയാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെയാണ് ഇരുവരെയും സംശാസ്പതമായ സാഹചര്യത്തില്‍ നാട്ടുകാര്‍ കണ്ടത്. 

അല്ലൂര്‍ നഗറില്‍ ഒരു വീടിന്‍റെ മതില്‍ ചാടി കടക്കുന്നത് കണ്ടാണ് യുവാക്കളെ തടഞ്ഞതെന്ന് പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാര്‍ സംഘടിച്ചെത്തി ചോദ്യംചെയ്യാന്‍ തുടങ്ങിയതോടെ ദീപുവും അരവിന്ദും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ ദീപുവിന്‍റെ കൈയ്യും കാലും കെട്ടിയിട്ട് നാട്ടുകാര്‍ മര്‍ദ്ദിച്ചു.

പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദീപു ഇന്ന് പുലര്‍ച്ചയോടെ മരിച്ചു.ഗുരുതരമായി പരിക്കേറ്റ പൂജപ്പുര സ്വദേശി അരവിന്ദിനെതിരെ പൊലീസ് മേഷണക്കുറ്റം ചുമത്തി. തിരുച്ചിറപ്പള്ളി അല്ലൂരില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരവധി വീടുകളില്‍ കവര്‍ച്ച നടന്നിരുന്നു.ആളില്ലാത്ത വീടുകളുടെ വാതില്‍ കുത്തിത്തുറന്നായിരുന്നു കവര്‍ച്ച.

ദീപുവും അരവിന്ദുമാണ് മോഷ്ണത്തിന് പിന്നില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇരുവരുടെയും പേരില്‍ തമിഴ്നാട്ടില്‍ നിരവധി മോഷ്ണക്കേസുകളുണ്ടെന്നും യുവാക്കളുടെ കൈവശത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയതായും തമിഴ്നാട് പൊലീസ് പറഞ്ഞു. ക്രൂര മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ആള്‍കൂട്ട ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല.