ദാല്‍തോന്‍ഗഞ്ച് (ജാര്‍ഖണ്ഡ്): ഭിന്നശേഷിക്കാരിയായ അമ്മയെ മര്‍ദ്ദിച്ച മകനെ പിതാവ് അടിച്ച് കൊലപ്പെടുത്തി. സകേന്ദ്ര സിംഗ് ഖെര്‍വാര്‍ എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ പിതാവായ മഹേശ്വര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. കൊല്ലപ്പെട്ട മകന്റെ പാതി കത്തിയ മൃതദേഹം പൊലീസ് കണ്ടെടുത്തു. താനാണ് മകനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചതായി ബിശ്രാംപുര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഖുമ കിസ്‌കു പറഞ്ഞു.

ഭിന്നശേഷിക്കാരിയായ ഭാര്യയെ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാനാകാതെയാണ് മകനെ വടി കൊണ്ട് അടിച്ചതെന്നും സംഭവ സ്ഥലത്തുവെച്ച് തന്നെ മകന്‍ മരിച്ചെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ആരുമറിയാതെ മൃതദേഹം കത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് എത്തിയത്. നാട്ടുകാരനാണ് പൊലീസില്‍ വിവരം നല്‍കിയത്. കൊല്ലപ്പെട്ട മകന്‍ മദ്യപിച്ചെത്തി വീട്ടുകാരെ ഉപദ്രവിക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു.