ബെംഗളൂരു: ഭാര്യയെ ശല്യം ചെയ്ത യുവാവിനെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി പൊലീസ്. 25കാരനായ രാജാ ദുരൈയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാലാജി, അര്‍മുഗന്‍, മുഹമ്മദ് അലി, അബ്ബാസ്, സൂര്യ, സന്തോഷ് എന്നിവര്‍ അറസ്റ്റിലായി. നവംബര്‍ 29നാണ് കൊലപാതകം. വടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയ ശേഷം അടുത്ത ദിവസം രാത്രി മൃതദേഹം രാമമൂര്‍ത്തി നഗറില്‍ ഉപേക്ഷിച്ചു. എല്ലാവരും തിപ്പസാന്ദ്രയിലാണ് താമസിക്കുന്നത്. പച്ചക്കറി കടയില്‍ ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ട രാജ ദുരൈ. ഭക്ഷണ വിതരണ ഏജന്‍സിയില്‍ ജോലി ചെയ്യുന്നവരാണ് പ്രതികള്‍.

രാജാ ദുരൈയുടെ സഹോദരന്‍ മണികാന്ത നല്‍കിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്. നേരത്തെ പ്രധാന പ്രതിയായ ബാലാജിയുമൊത്ത് വാക്കു തര്‍ക്കമുണ്ടായിരുന്നു. പിന്നീട് ബാലാജി ദുരൈയെ ലിംഗരാജപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി. എല്ലാവരും ഒരുമിച്ച് മദ്യപിച്ചതിന് ശേഷം രാജാ ദുരൈയെ കൊലപ്പെടുത്തുകയായിരുന്നു. ഇയാളുടെ മൃതദേഹം കണ്ടെടുത്തു. ബാലാജിയുടെ ഭാര്യയെ രാജാദുരൈ ശല്യപ്പെടുത്തിയതാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

ദുരൈ ജോലി ചെയ്യുന്ന തൊട്ടടുത്ത കടയിലാണ് ബാലാജിയുടെ ഭാര്യയും ജോലി ചെയ്തിരുന്നത്. തന്നെ വിവാഹം ചെയ്യാന്‍ ദുരൈ യുവതിയെ നിര്‍ബന്ധിക്കുകയും നിരന്തരം ഫോണിലൂടെ ശല്യം ചെയ്യുകയും ചെയ്തു. യുവതി ഇക്കാര്യം ഭര്‍ത്താവായ ബാലാജിയോട് പറഞ്ഞിരുന്നു. ബാലാജി രാജാ ദുരൈക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നതോടെ ബാലാജി സൃഹൃത്തുക്കളുമായി ചേര്‍ന്ന് കൊലപാതകത്തിന് പദ്ധതിയിട്ടു.