മുംബൈ : സ്വന്തം ചോരകൊണ്ട് കാമുകിക്ക് സിന്ദൂരം ചാര്‍ത്തിയ ശേഷം ശ്വാസംമുട്ടിച്ച് കൊന്ന യുവാവ് തൂങ്ങി മരിച്ചു. പ്രതിഭാ പ്രസാദ് എന്ന യുവതിയെയാണ് അരുണ്‍ഗുപ്ത എന്ന ഇരുപത്തിയൊന്നുകാരന്‍ കൊലപ്പെടുത്തിയത്. മുംബൈ കല്യാണിലെ ഒരു ഗസ്റ്റ് ഹൗസിലാണ് സംഭവം. പ്രതിഭയുടെ സീമന്തരേഖയില്‍ ചോര ചാര്‍ത്തിയശേഷം അരുണും പ്രതിഭയും ഒന്നിച്ച് സെല്‍ഫി എടുത്തിരുന്നു. 

ഇതിന് ശേഷമാണ് അരുണ്‍ പ്രതിഭയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് കരുതുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 നാണ് ഇരുവരും ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ എത്തിയത്. വൈകുന്നേരം വരെ ഇരുവരും റൂമില്‍ നിന്ന് പുറത്തിറങ്ങിയില്ല. വൈകുന്നേരത്തോടെ ഇവര്‍ വെള്ളം ആവശ്യപ്പെട്ടിരുന്നതായി റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നു.  രാത്രി 9.30 ന് അത്താഴം കഴിക്കാനായി ജീവനക്കാര്‍ വാതിലില്‍ മുട്ടിയെങ്കിലും മറുപടി ലഭിച്ചില്ല. 

ഇതോടെ ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.  അരുണ്‍ കൈത്തണ്ട മുറിയ്ക്കാന്‍ ഉപയോഗിച്ച ബ്ലേഡ് മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

ഉത്തര്‍പ്രദേശ് സ്വദേശിയാണ് അരുണ്‍. ഇയാള്‍ ഫേസ്ബുക്കിലൂടെയാണ് പ്രതിഭയെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. മുംബൈയില്‍ താമസിക്കുന്ന പ്രതിഭയെ കാണുവാന്‍ അരുണ്‍ വെള്ളിയാഴ്ച എത്തുകയായിരുന്നു. മുംബൈ ഗഡ്കോപ്പറിലെ താമസക്കാരിയായ പ്രതിഭ കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇതേ സമയം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതേ സമയം അരുണ്‍ പ്രതിഭയെ ഉത്തര്‍പ്രദേശിലേക്ക് വരാന്‍ നിര്‍ബന്ധിച്ചെന്നും ഇത് അനുസരിക്കാത്തതാണ് കൊലപാതകത്തിനുള്ള പ്രകോപനമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു.