ബെംഗളൂരു: പഴയ സഹപാഠിയുടെ കുളിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങൾ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഒളിക്യാമറ ദൃശ്യങ്ങള്‍ കാണിച്ച് ഇയാള്‍ യുവതിയോട് പണം ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശ് സ്വദേശിയായ ദീപക് കുമാർ (30 ) ആണ് അറസ്റ്റിലായത്. ഒമ്പത് വർഷം മുൻപ്  കോളേജ് പഠനകാലത്താണ്  പരാതിക്കാരിയായ യുവതിയും ദീപക്കും പരിചയത്തിലായത്.

പിന്നീട് കഴിഞ്ഞ വർഷം ബംഗളൂരിലെ സ്വകാര്യ കമ്പനിയിൽ ജോലിക്ക് ചേർന്ന ദീപക്കും  യുവതിയും  വീണ്ടും പരിചയം പുതുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഒക്ടോബറിൽ ദീപകിന്റെ കെ ആർ പുരത്തുള്ള വീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ  ദീപക് യുവതിയറിയാതെ ബാത്‌റൂമിൽ ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു.

പിന്നീട് വ്യാജ ഇമെയിൽ വഴിയും ,ഫെയ്സ്ബുക്ക് ,ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴിയും യുവതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിക്കാത്തതിനെ തുടർന്ന് ദീപക് ക്യാമറ ദൃശ്യങ്ങൾ യുവതിയുടെ വാട്സ് ആപ്പ് നമ്പറിൽ അയച്ചുകൊടുക്കുകയും  പത്ത് ദിവസത്തിനുള്ളിൽ മൂന്നു ലക്ഷം രൂപ തന്നില്ലെങ്കിൽ  വീഡിയോ പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവത്തിനു പിന്നിൽ ദീപക്കാണെന്നു തിരിച്ചറിഞ്ഞ യുവതി ഇയാളെ ഫോൺ വിളിച്ചെങ്കിലും ഓഫ് ആക്കുകയായിരുന്നു . പിന്നീട്   പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ദീപക് പിടിയിലായത്.

Read More: നിധി കണ്ടെത്താനും ഗര്‍ഭം ധരിക്കാനും പ്രത്യേക പൂജ; യുവതിയെയും സഹോദരിമാരേയും പീഡിപ്പിച്ച ആള്‍ദൈവം അറസ്റ്റില്‍