പ്രതിക്ക് കുട്ടിയുടെ കുടുംബത്തോട് പകയുണ്ടായിരുന്നു. അവരെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് കുട്ടിയെ തട്ടികൊണ്ടു പോയി കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. 

ദില്ലി: രക്ഷിതാക്കളോടുള്ള വ്യക്തി വൈരാഗ്യത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത മകനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. രഘുബിൽ നഗറിലെ ശുചീകരണ തൊഴിലാളിയാണ് പ്രതി. ദില്ലിയിലെ ഖയാല എന്ന പ്രദേശത്താണ് സംഭവം നടന്നത്. 

ഒക്ടോബർ 25നാണ് കുട്ടിയെ കാണാതായത്. തുടർന്ന് കുട്ടിയുടെ മൂത്ത സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒക്ടോബർ 26ന് ഒരു കുട്ടിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് കാണാതായ കുട്ടിയുടെ മൃതദേഹമാണെന്ന് കണ്ടെത്തി. കുട്ടിയുടെ സഹോദരൻ മൃതദേഹം തിരിച്ചറിയുകയും ചെയ്തു.

ശേഷം നടത്തിയ തെരച്ചിലിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യക്തി വൈരാഗ്യത്തെ തുടർന്ന് കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഇയാൾക്ക് കുട്ടിയുടെ കുടുംബത്തോട് പകയുണ്ടായിരുന്നു. അവരെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് കുട്ടിയെ തട്ടികൊണ്ടു പോയി കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. ഇയാളെ അറിയാമായിരുന്നത് കൊണ്ട് കുട്ടിക്ക് ഭയമോ സംശയമോ ഇല്ലാതിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.