വര്‍ക്ക് ഷോപ്പിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം മിനി വാനാണ് ഇയാൾ മിനി ബാറാക്കി മാറ്റിയത്. നേരത്തെ സുഹൃദ് സൽകാരങ്ങളായിരുന്നു വാഹനത്തിനുള്ളിൽ നടന്നിരുന്നതെങ്കിലും പതിയെ അത് ഒരു നിയമ വിരുദ്ധ ബിസിനസ് ആയിമാറി.

കൊല്ലം: തകരാറിലായ വാഹനം ബാറാക്കി മാറ്റിയ യുവാവ് ഒടുവില്‍ എക്‌സൈസിന്റെ പിടിയില്‍. കൊട്ടാരക്കര കോട്ടാത്തല സ്വദേശി പ്രകാശാണ് വാറ്റുചാരായവുമായി എക്‌സൈസിന്റെ പിടിയിലായത്. പുത്തൂര്‍ മാറനാട് റോഡരികിലെ സ്വന്തമായി നടത്തുന്ന വര്‍ക്ക് ഷോപ്പിന്റെ മറവിലായിരുന്നു പ്രകാശിന്റെ ചാരായ വില്‍പ്പന.

വര്‍ക്ക് ഷോപ്പിനരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വന്തം മിനി വാനാണ് ഇയാൾ മിനി ബാറാക്കി മാറ്റിയത്. നേരത്തെ സുഹൃദ് സൽകാരങ്ങളായിരുന്നു വാഹനത്തിനുള്ളിൽ നടന്നിരുന്നതെങ്കിലും പതിയെ അത് ഒരു നിയമ വിരുദ്ധ ബിസിനസ് ആയിമാറി. ലോക്ഡൗണില്‍ സര്‍ക്കാര്‍ മദ്യവില്‍പ്പന നിരോധിച്ചതോടെ പ്രകാശിന്റെ മദ്യത്തിന് ആവശ്യക്കാർ കൂടി. 

രഹസ്യവിവരത്തെത്തുടര്‍ന്ന് നാളുകളായി ഇയാള്‍ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന മഫ്തിയിലെത്തിയ എക്‌സൈസ് സംഘത്തെയും പ്രകാശ് മിനി വാനിലെ ബാറിലേക്ക് ക്ഷണിച്ചു. അറസ്റ്റിലേക്ക് കടക്കാൻ അവസരം പാർത്തുനിന്ന ഉദ്യോഗസ്ഥർ പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് പതിനഞ്ചുലിറ്ററിലധികം വ്യാജ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.