അ​ഗർത്തല: ഭാര്യയെയും ഭാര്യാമാതാവിനെയും അതിക്രൂരമായി വെട്ടിനുറുക്കി കൊന്ന് യുവാവ്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. തന്റെ രണ്ട് കുട്ടികളുടെ മുന്നിൽ വച്ചാണ് ഇയാൾ കൊലപാതകം നടത്തിയത്. അതിക്രൂരമായ ദൃശ്യങ്ങൾ കണ്ട് കുട്ടികൾ കരയുന്നതിനിടെ ഇയാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമം നടത്തി. 

സ്ത്രീയെയും അമ്മയെയും രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. നാട്ടുകാരെത്തുമ്പോൾ ക്രൂരകൃത്യത്തിന് സാക്ഷിയായ കുട്ടികൾ ഭയന്ന് കരയുകയായിരുന്നു. 

ഹപാനിയ സ്വദേശിയാണ് പ്രതി. ഇയാളെ പിടികൂടി വൈദ്യപരിശോധന നടത്തിയതായി പൊലീസ് വ്യക്തമാക്കി. ഇയാളുടെ ശരീരത്തിൽ വിഷം കലർന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാൾ ഇപ്പോൾ ചികിത്സയിലാണ്. നില ​ഗുരുതരമല്ലെന്നും ഇതുവരെയും ചോദ്യം ചെയ്യാനായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ജിബിപി ആശുപത്രിയിലുള്ള പ്രതിയെ ഉടൻ കോടതിയിൽ ​ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. 

കുട്ടികളെ ധലായ് ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. കഴിഞ്ഞ നാല് മാസമായി പ്രതിയുടെ ഭാര്യയും മക്കളും അവരുടെ മുത്തശ്ശിയുടെ വീട്ടിലാണ് താമസം. പ്രതിയും ഭാര്യയും തമ്മിൽ വിവാഹബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. കൊലപാതകങ്ങൾക്ക് കാരണം വിവാഹമോചന തീരുമാനം തന്നെ ആയിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.