Asianet News MalayalamAsianet News Malayalam

യുപിയിൽ പ്രണയിച്ച് വിവാഹം ചെയ്തതിന് യുവാവിനെ തുടലിൽ കെട്ടി, ക്രൂരപീഡനം - വീഡിയോ

എട്ട് മാസം പഴക്കമുള്ള സംഭവത്തിന്‍റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇക്രാമുദ്ദീൻ എന്ന യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ പിടിച്ച് തുടലിൽ കെട്ടി, മർദ്ദിച്ച് കുരയ്ക്കാൻ നിർബന്ധിക്കുകയായിരുന്നു.

man beaten and dragged by leash asked to bark in ghaziabad
Author
Ghaziabad, First Published Feb 23, 2020, 12:44 PM IST

ദില്ലി: പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ ക്രൂരമായി മർദ്ദിച്ച്, തുടലിൽ കെട്ടി, കുരയ്ക്കാൻ നി‍ർബന്ധിച്ച് ഭാര്യയുടെ ബന്ധുക്കൾ. സംഭവത്തിന്‍റെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവരം പുറത്തറിഞ്ഞത്. 2019 മെയിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

യുപി - ദില്ലി അതിർത്തിയിലുള്ള ഗാസിയാബാദിലെ കല്ലു ഗാർഹി എന്ന ഗ്രാമത്തിലാണ് സംഭവം. ഇക്രാമുദ്ദീൻ എന്ന യുവാവിനാണ് ക്രൂരമർദ്ദനവും അപമാനവുമേൽക്കേണ്ടി വന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ഇയാളെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ട് വരികയായിരുന്നു. ഇതിന് ശേഷം ഒരു വീട്ടിൽ കൊണ്ട് വന്ന് കെട്ടിയിട്ടു. 

ഇക്രാമുദ്ദീനെ ക്രൂരമായി മർദ്ദിച്ച ശേഷം ഒരു മേശയുടെ മേൽ വച്ചിരുന്ന തുടലിൽ കഴുത്ത് കെട്ടിയിട്ടു. എന്നിട്ട് കുരയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിനിടയിലും മർദ്ദനം തുടരുകയായിരുന്നു. 

2018-ലായിരുന്നു ഇക്രാമുദ്ദീന്‍റെ വിവാഹം. ഫെബ്രുവരി 12-ന് പെൺകുട്ടിയുമായി ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു. ഈ പെൺകുട്ടിയുടെ ബന്ധുക്കൾ ഗാസിയാബാദിൽ ഇക്രാമുദ്ദീന്‍റെ അയൽക്കാരായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് കാലം മറ്റൊരിടത്ത് താമസിച്ച ഇക്രാമുദ്ദീൻ തിരികെ ഏതാണ്ട് ഒന്നര വർഷത്തിന് ശേഷം, 2019 മെയ് 16-ന്, വീട്ടിൽ തിരികെ വന്നപ്പോഴാണ് അയൽക്കാർ തട്ടിക്കൊണ്ടുപോകുന്നതും മ‍ർദ്ദിക്കുന്നതും.

പരിക്കേറ്റ ഇക്രാമുദ്ദീൻ ആശുപത്രിയിലായി. അവിടെ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം സംഭവത്തിൽ പരാതി നൽകാനായി മെയ് 21-ാം തീയതി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തനിക്കെതിരെ ഒരു ബലാത്സംഗക്കേസ് ഫയൽ ചെയ്യപ്പെട്ടതായി ഇക്രാമുദ്ദീന് മനസ്സിലാകുന്നത്. സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഇക്രാമുദ്ദീനെതിരെ അക്രമം നടന്ന പിറ്റേന്ന്, മെയ് 17-ന് ഗാസിയാബാദ് പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ്യപ്പെട്ട പരാതി. ഇതനുസരിച്ച് പൊലീസ് ഇക്രാമുദ്ദീനെ അറസ്റ്റ് ചെയ്തു. ജയിലിലാവുകയും ചെയ്തു. 

ഇവിടെ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇക്രാമുദ്ദീൻ തന്നെ മർദ്ദിച്ചവർക്കെതിരെ കേസ് നൽകുന്നത്. എന്നാൽ ഈ കേസ് നൽകിയതിന്‍റെ പേരിൽ വധഭീഷണി വരുന്നുണ്ടെന്നും, താനും ഭാര്യയും ഭയന്നാണ് ജീവിക്കുന്നതെന്നും ഇക്രാമുദ്ദീൻ പറയുന്നു. 

Follow Us:
Download App:
  • android
  • ios