എന്നാൽ ചികിത്സയ്ക്കാവശ്യമായ തുകയില്ലാത്തതിനാൽ അവർ തിരിച്ചു പോകാൻ തീരുമാനിച്ചു. മടങ്ങിപ്പോകുംവഴിയാണ് ആശുപത്രി ജീവനക്കാർ ഇവരെ ആക്രമിച്ചത്. 


അലിഗഢ്: ആശുപത്രി ബില്ലായ 4000 രൂപ അടയ്ക്കാത്തതിനെ തുടർന്ന് രോ​ഗിയെ സ്വകാര്യ ആശുപത്രി ജീവനക്കാർ അടിച്ചു കൊലപ്പെടുത്തി. അലി​ഗഡ് ജില്ലയിലെ ഇ​ഗ്ലാസ് ​ഗ്രാമത്തിൽ നിന്നുള്ള നാൽപത്തിനാല് വയസ്സുള്ള സുൽത്താൻ ഖാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധുക്കളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ആശുപത്രി ജീവനക്കാർ ഖാനെയും അദ്ദേഹത്തിന്റെ ബന്ധുക്കളിൽ ചിലരെയും ആക്രമിച്ചതായും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചികില്‍സയില്‍ പ്രവേശിച്ചെങ്കിലും വലിയ തുകയാകും എന്ന് അറിഞ്ഞതിനാല്‍ ചികില്‍സ പാതിയില്‍ ഉപേക്ഷിച്ച് മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ ഇവര്‍ സ്കാനിംഗ് അടക്കമുള്ള ചില ടെസ്റ്റുകള്‍ നടത്തി. ഇതിന് 4000ത്തോളം രൂപയായി ഇത് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കലഹത്തിലേക്കും, പിന്നീട് രോഗിയുടെ മരണത്തിലേക്കും നയിച്ചത് എന്നാണ് ബന്ധുക്കളുടെ ആരോപണം.

'ബില്ല് അനുസരിച്ച് അടക്കേണ്ടിയിരുന്ന 3783 രൂപ നല്കിയിരുന്നു എന്നാൽ ആശുപത്രി സന്ദർശിച്ചതിന് 4000 രൂപ കൂടി കൗണ്ടറിൽ അടയ്ക്കാൻ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. 200 രൂപ ഇതിനായി ആദ്യം തന്നെ അടച്ചിരുന്നുവെന്ന് ഞങ്ങള്‍ പറഞ്ഞു. അതിന് ശേഷം പുറത്തേയ്ക്ക് നടന്ന സമയത്ത് ഒരാൾ വന്ന് തടഞ്ഞു. പിന്നീട് നാലഞ്ച് പേർ വന്ന് മർദ്ദിക്കുകയും ഗുരുതരമായി പ്രഹരമേറ്റ ഖാൻ മരിക്കുകയും ചെയ്തു.' ബന്ധുവായ ചമന്‍ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നതായി പൊലീസ് അറിയിച്ചു. 

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. ആശുപത്രി ജീവനക്കാരുമായി കലഹിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി അലി​ഗഢ് എസ് പി അഭിഷേക് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മുറിവുകളെക്കുറിച്ച് വിശദവിവരങ്ങൾ ലഭിക്കൂവെന്നും. അതിന് അനുസരിച്ച് അന്വേഷണം നടത്തുമെന്നും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. 'സുൽത്താൻ ഖാൻ വ്യാഴാഴ്ച ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയിരുന്നു. പണമടയ്ക്കുന്നത് സംബന്ധിച്ച് അന്നേ ദിവസം പ്രശ്നമുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. തർക്കം പിന്നീട് കലഹത്തിലെത്തുകയും രോ​ഗി മരിക്കുകയും ചെയ്തു.' എസ് പി പറഞ്ഞു.

ആശുപത്രി അധികൃതരുമായി മാധ്യമപ്രവര്‍ത്തകര്‍ ബന്ധപ്പെട്ടെങ്കിലും സംഭവത്തെക്കുറിച്ച് അവര്‍ പ്രതികരണം അറിയിച്ചിട്ടില്ലെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് വ്യക്തമാക്കി.