ദില്ലി: മൊബൈല്‍ഫോണ്‍ പിടിച്ചുപറിച്ചയാളുടെ ചൂണ്ടുവിരല്‍ യുവാവ് കടിച്ചുമുറിച്ചു. മൊബൈല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയരക്ഷാര്‍ത്ഥമാണ് യുവാവ് മോഷ്ടാക്കളിലൊരാളുടെ കൈ കടിച്ചുമുറിച്ചത്. ചോരൊയെലിച്ച കയ്യുമായി മോഷ്ടാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂട്ടാളി ഓടി രക്ഷപ്പെട്ടു. 

ദില്ലിയിലെ ജ്യോതി നഗറിലുള്ള പബ്ലിക് പാര്‍ക്കില്‍ വിശ്രമിക്കുകയായിരുന്ന 21കാരനായ ദേവ് രാജിനെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിലൊരാള്‍ ഇയാളുടെ ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. ഇതേസമയം ദേവ് രാജ് പ്രതിരോധിക്കുന്നത് തടയാന്‍ മോഷ്ടാക്കളിലൊരാള്‍ ഇയാളുടെ കഴുത്ത് പിന്നില്‍ നിന്ന് അമര്‍ത്തിപ്പിടിക്കുകയും വായ മൂടുകയും ചെയ്തു. കൈകൊണ്ട് വായ മൂടിയ മോഷ്ടാവിന്‍റെ ചൂണ്ടുവിരല്‍ പ്രാണരക്ഷാര്‍ത്ഥം ദേവ് രാജ് കടിച്ചുമുറിക്കുകയായിരുന്നു.

Read More: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് 20 വർഷം കഠിന തടവും പിഴയും

തുടര്‍ന്ന് ഫോണ്‍ കൈക്കലാക്കിയ മോഷ്ടാക്കള്‍ അറ്റുവീണ വിരലുമായി ഓടി രക്ഷപ്പെടാന്‍ നോക്കിയെങ്കിലും ഗുരുതരമായി മുറിവേറ്റ മോഷ്ടാക്കളിലൊരാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. രോഹിത് എന്ന മോഷ്ടാവിന്‍റെ കൈവിരലാണ് ദേവ് രാജ് കടിച്ചുമുറിച്ചത്. രോഹിത്തിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറ്റുപോയ വിരല്‍ തുന്നിച്ചേര്‍ക്കാന്‍ ഇയാള്‍ക്ക് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.  രക്ഷപ്പെട്ടയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.