കുരുക്ഷേത്ര: വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ഇരുമ്പ് കമ്പികൊണ്ടടിച്ചു വീഴ്ത്തി യുവാവ് തൊട്ടടുത്ത കനാലില്‍ തള്ളി. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. കഴിഞ്ഞ ദിവസം യുവതിയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തര്‍ക്കത്തിനൊടുവില്‍ യുവാവ് ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇരുമ്പ് കമ്പികൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം ബോധം കെട്ടുകിടന്ന ഭാര്യയെ യുവാവ് എടുത്ത് തൊട്ടടുത്ത കനാലില്‍ തള്ളി. ഞായറാഴ്ച കിര്‍മാച്ചിലെ കനാലില്‍ യുവതി വീണുകിടക്കുന്നത് കണ്ട നാട്ടുകാരാണ് രക്ഷരായത്. നാട്ടുകാര്‍ യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ശേഷം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

യുവതിക്ക് ബോധം വന്ന ശേഷം പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക ശ്രമം പുറത്തറിയുന്നത്. ഭര്‍ത്താവ് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം യുവതി അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.