മധ്യപ്രദേശ് പൊലീസ് ഇയാളെ ഗുരുഗാവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
വിദിഷ: പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നെന്ന പേരില്‍ യുക്രൈനില്‍ (Ukrain) കുടുങ്ങിയ വിദ്യാര്‍ത്ഥിയെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്താന്‍ നോക്കിയാള്‍ അറസ്റ്റില്‍. 35 വയസുകാരനായ തൊഴില്‍രഹിതനായ യുവാവാണ് അറസ്റ്റിലായത്. മധ്യപ്രദേശ് പൊലീസ് (Madhya Pradesh Police) ഇയാളെ ഗുരുഗാവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
പ്രിന്‍സ് ഗാവ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ സമാനമായ തട്ടിപ്പുകള്‍ ഹരിയാനയിലും നടത്തിയിട്ടുണ്ടെന്നാണ് കോട്ട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അഷുതോഷ് സിംഗ് പിടിഐയോട് പറഞ്ഞത്. സംഭവം ഇങ്ങനെയാണ്.
മധ്യപ്രദേശിലെ വിദിഷയിലുള്ള വൈശാലി വില്‍സണ്‍ എന്ന സ്ത്രീയെ പ്രിന്‍സ് ഫോണില്‍ ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് വിശ്വസിപ്പിച്ചു. ഇവരുടെ യുക്രൈനില്‍ മെഡിസിന് പഠിക്കുന്ന മകളെ തിരിച്ചെത്തിക്കാന്‍ സഹായിക്കമെന്നും. അതിനായി ടിക്കറ്റ് ചാര്‍ജായി 42,000 രൂപ കൈമാറണം എന്നുമാണ് നിര്‍ദേശിച്ചത്. ഇത് വിശ്വസിച്ച വൈശാലി വില്‍സണ്‍ പണം ഫോണ്‍ ആപ്പ് വഴി കൈമാറി.
എന്നാല്‍ പിന്നീട് ഇയാള്‍ ബന്ധപ്പെടാതായപ്പോള്‍ സംശയം തോന്നിയ പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രിന്‍സിനെ എംപി പൊലീസ് ഗുരുഗ്രാമില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഐപിസി വകുപ്പുകള്‍ പ്രകാരവും, ഐടി ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്.
ഇന്ത്യക്കാരുമായി മൂന്നാം വിമാനം ദില്ലിയില്‍, 25 മലയാളികളടക്കം 240 പേര്‍ വിമാനത്തില്‍
യുക്രൈനില്‍ (Ukraine) നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ദില്ലിയിലെത്തി (Delhi). ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണെത്തിയത്. യുക്രൈനിൽ നിന്നുള്ള 25 മലയാളികളടക്കം 240 പേർ വിമാനത്തിലുണ്ട്. രക്ഷാദൌത്യത്തിലെ രണ്ടാമത്തെ വിമാനം റൊമാനിയയില്‍ നിന്ന് ഇന്ന് പുലർച്ചെയോടെ ദില്ലിയിലെത്തിയിരുന്നു. 29 മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്. പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി.
ഇതിൽ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആണ് അയക്കുന്നത്. 16 പേർ വിമനത്താവളത്തിൽ നിന്ന് നേരെ കൊച്ചിയിലേക്ക് പോയി. തിരിവനന്തപുരത്തേക്ക് ഉള്ളവർ വൈകുന്നേരമാവും ദില്ലിയിൽ നിന്ന് യാത്ര തിരിക്കുക. തിരികെ എത്തിയ മലയാളികളിൽ ഒരാൾ ദില്ലിയിലാണ് താമസം. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തിയിട്ടുണ്ട്. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്നലെയാണ് കേന്ദ്ര സർക്കാർ ഓപ്പറേഷൻ ഗംഗക്ക് തുടക്കമിട്ടത്. റൊമേനിയയില്‍ നിന്ന് 219 പേരുടെ സംഘത്തെയാണ് ആദ്യം മുംബൈയില്‍ എത്തിച്ചത്. ഈ സംഘത്തിൽ 27 പേർ മലയാളികളായിരുന്നു.
