റാന്നി: ഭക്ഷണത്തിന് ചൂട് പോരെന്ന് പരാതിപ്പെട്ട വിമുക്ത ഭടന് ആൾക്കൂട്ടത്തിന്‍റെ മർദ്ദനം. പത്തനംതിട്ട റാന്നിയിലാണ് സംഭവം. റാന്നി പൊതമൺ സ്വദേശി ശിവകുമാറിനാണ് നടുറോഡിൽ മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലിലെത്തിയ ശിവകുമാർ ഭക്ഷണത്തിന് ചൂട് പോരെന്ന് പരാതിപ്പെടുകയായിരുന്നു. 

ഇതിന് ശേഷം ഹോട്ടൽ ജീവനക്കാരുമായി ആദ്യം വാക്കേറ്റം ഉണ്ടാക്കിയ ശിവകുമാർ പിന്നീട്  ഹോട്ടലിൽ കഴിക്കാനെത്തിയ തോട്ടമൺ സ്വദേശി ജിജോമോനെ മർദ്ദിക്കുകയായിരുന്നു. ജിജോമോന്‍ ബോധരഹിതനായി കുഴഞ്ഞ് വീണതിന് പിന്നാലെയായിരുന്നു ഹോട്ടൽ ഉടമയും ജീവനക്കാരുമടങ്ങുന്ന സംഘം  ശിവകുമാറിനെ റോഡിലിട്ട് മർദ്ദിച്ചത്. മർദ്ദനത്തിൽ ശിവകുമാറിന്  സാരമായി പരിക്കേറ്റു. മർദ്ദന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. 

ഇരുകൂട്ടരുടെയും പരാതിയിൽ പൊലീസ് കേസ്സെടുത്തിട്ടുണ്ട്. ശിവകുമാറിനെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമയും ജീവനക്കാരുമടക്കം 6 പേരെ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് റാന്നി പൊലീസ് അറിയിച്ചു. ശിവകുമാർ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ജിജോമോൻ റാന്നി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.