ബിജ്നോര്‍: യുവാവ് പാചകം ചെയ്ത വിഭവത്തില്‍ മനുഷ്യ മാംസവും കൈയും വിരലും കണ്ടതിനെ തുടര്‍ന്ന് ഭാര്യ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് സഞ്ജയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്മശാനത്തില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ വെട്ടിയെടുത്ത് കവറിലാക്കി കൊണ്ടുവന്നാണ് പാചകം ചെയ്യാന്‍ ശ്രമിച്ചത്. ഇയാള്‍ മനുഷ്യമാംസം കൊണ്ടുവന്നപ്പോള്‍ ഭാര്യ പുറത്തുപോയിരിക്കുകയായിരുന്നു. ഭാര്യ തിരിച്ചെത്തുമ്പോള്‍ ഇയാള്‍ മനുഷ്യമാംസം വറുത്തെടുക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട ഭാര്യ അയല്‍ക്കാരെയും പൊലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് എത്തുന്നതുവരെ അയല്‍ക്കാര്‍ ഇയാളെ പൂട്ടിയിട്ടു. തുടര്‍ന്ന് തിക്കോപുര്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

ഇയാള്‍ കടുത്ത മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. കുറച്ച് ദിവസം മുമ്പ് ഇയാള്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഞങ്ങള്‍ പ്രതിയുടെ വീട് സന്ദര്‍ശിച്ചു. മനുഷ്യമാംസം കണ്ടെത്തിയിട്ടുണ്ട്. ഗംഗാ തടത്തിലെ ശ്മശാനത്തില്‍ നിന്നാണ് ഇയാള്‍ മാംസം ശേഖരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുമ്പ് ഇയാള്‍ ഇങ്ങനെ ചെയ്തിരുന്നോവെന്ന് അന്വേഷിക്കുകയാണെന്നും എസ്എച്ച്ഒ ആര്‍ സി ശര്‍മ പറഞ്ഞു.