തിരുവനന്തപുരം: സംസ്ഥാനത്ത് പുരുഷന്റെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ശ്രീകാര്യത്താണ് സംഭവം. ശ്രീകാര്യം ജങ്ഷനോട് ചേർന്ന സ്വകാര്യ ബാങ്കിന് സമീപത്തെ ആളൊഴിഞ്ഞ വീടിനോട് ചേർന്ന പ്രദേശത്താണ് മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.

കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയത്. എന്നാൽ മുഖത്തും ശരീരത്തിലും മുറിവുകൾ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഉദ്ദേശം 40 വയസ് തോന്നിക്കുന്നയാളാണ് മരിച്ചത്. കൊന്നതിന് ശേഷം കെട്ടിത്തൂക്കിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തിയ ശേഷം മരണകാരണത്തിൽ സ്ഥിരീകരണം ഉണ്ടാകും.