തൃശ്ശൂര്‍: മതിലകം കട്ടൻ ബസാറിലെ വിജിത്ത് കൊലപാതക കേസിൽ മുഖ്യ പ്രതി അറസ്റ്റിലായി. ഒഡീഷ ഗംഗാപൂർ സ്വദേശി ടൊഫാൻ മല്ലിക്ക് ആണ് അറസ്റ്റിലായത്. മറ്റ് മൂന്നുപേര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. 
കഴിഞ്ഞ മാസം 26 നാണ് കേസിന് ആസ്‍പദമായ സംഭവം. ഇതര സംസ്ഥാന തൊഴിലാളികളായ ടൊഫാൻ,നബ്ബ,സുശാന്ത് എന്നിവര്‍ താമസിച്ചിരുന്ന കട്ടൻബസാരിലെ മുറിയില്‍ വിജിത്ത് എത്തിയിരുന്നു. 

പണത്തിന്‍റെ പേരിലുണ്ടായ തർക്കം അടിപിടിയിലെത്തുകയും പ്രതികൾ വിജിത്തിനെ കൂട്ടം കൂടി ആക്രമിക്കുകയായിരുന്നു. വിജിത്തിനെ കത്തികൊണ്ട് കുത്തിയും തലയ്ക്ക് അടിച്ചും കൊലപ്പെടുത്തിയ ശേഷം ശരീരം പന്തുപോലെ ചുരുട്ടി പുതപ്പിൽ കെട്ടിപ്പൊതിഞ്ഞുവച്ചു. മറ്റ് രണ്ടുപേരുടെ കൂടി സഹായത്തോടെ മൃതദേഹം വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് നാലുപേരും ഒഡീഷയിലേക്ക് മുങ്ങി. 

പ്രതികളെ പിടികൂടാൻ ഇരിങ്ങാലക്കുട ഡിവൈഎസ്‍പി ഫേമസ് വർഗ്ഗീസിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച 'ഓപ്പറേഷൻ ശിക്കാർ ഒഡീഷ'യില്‍ കഴിഞ്ഞ മൂന്നുദിവസമായി അന്വേഷണം നടത്തിവരികയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേരി എന്നറിയപ്പെടുന്ന ഒഡീഷയിലെ സല്യാസാഹിയില്‍ നിന്നാണ് ടൊഫാൻ മല്ലിക്ക് അറസ്റ്റിലായത്. ആദ്യം അന്വേഷണ സംഘത്തോട് സഹകരിക്കാതിരുന്ന പ്രതി കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റംസമ്മതിച്ചു. പ്രതിയെ രാവിലെ ഒഡീഷയില്‍ നിന്ന് മതിലകത്തെത്തിച്ചു. മറ്റ് മൂന്നുപേരെയും ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍ .