സേലം: ഹെൽമറ്റില്ലാതെ ബൈക്കോടിക്കുന്നത് തടഞ്ഞ പൊലീസുകാരോട് തർക്കിച്ച സംഭവത്തിൽ യുവ എഞ്ചിനീയറെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി സേലത്തെ സുരമംഗലം പൊലീസാണ് ഒരു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിലെ എഞ്ചിനീയറായ യുവാവിനെ അറസ്റ്റ് ചെയ്തത്. ജഗിരമ്മപാളയം സ്വദേശി പി സന്തോഷ് (25) ആണ് അറസ്റ്റിലായത്.

രാശിനഗറിൽ വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഈ സമയത്താണ് ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ച് സന്തോഷ് ഇതുവഴി എത്തിയത്. പിന്നീട് പൊലീസുകാരോട് സന്തോഷ് വാഹന പരിശോധനയെ ചൊല്ലി തർക്കിച്ചു.

ഇതോടെ സന്തോഷിനെതിരെ പൊലീസ്, ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് ഐപിസി 353ാം വകുപ്പ് പ്രകാരം കേസെടുത്തു. ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.