കാര്‍വാഷിന്‍റെ മോട്ടോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 89.50 ലക്ഷം രൂപ വില വരും.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കാര്‍ വാഷ് മെഷീനില്‍ ഒളിപ്പിച്ച് കടത്താന‍് ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് നടക്കാവ് സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
കാര്‍വാഷ് മെഷീനില്‍ യന്ത്രഭാഗമെന്ന നിലയിലാണ് രണ്ട് കിലോ 680 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. കാര്‍വാഷിന്‍റെ മോട്ടോറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 89.50 ലക്ഷം രൂപ വില വരും. എയര്‍ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 346 വിമാനത്തില്‍ ദുബായില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്. യാത്രക്കാരനായ നടക്കാവ് സ്വദേശി മുഹമ്മദ് റാഫിയാണ് കസ്റ്റംസിന്‍റെ പിടിയിലായത്.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാള്‍ കടത്തുകാരന്‍ മാത്രമാണെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിന് സമീപം വച്ചാണ് കാര്‍വാഷ് മെഷീന്‍ അടങ്ങിയ ലഗേജ് ഇയാള്‍ക്ക് കള്ളക്കടത്ത് സംഘം കൈമാറിയത്. കടത്തുകാരനെന്ന നിലയില്‍ 15,000 കൂലിയും പറഞ്ഞുറപ്പിച്ചിരുന്നു. ദുബായില്‍ നിന്ന് സ്വര്‍ണ്ണം നല്‍കിയത് ആരെന്നോ കരിപ്പൂരില്‍ അത് വാങ്ങാനെത്തുന്നത് ആരെന്നോ അറിയില്ലെന്നാണ് മുഹമ്മദ് റാഫി കസ്റ്റംസിന് മൊഴി നല്‍കിയിരിക്കുന്നത്.
