ദില്ലി: രാജ്യതലസ്ഥാനത്ത് പട്ടാപ്പകൽ നടുറോഡില്‍ മധ്യവയസ്കനെ കൊലപ്പെടുത്തി. ജാഫറാബാദില്‍ വ്യാപാരിയായ റയീസ് അന്‍സാരിയെ രണ്ട് പേര്‍ വെടിവച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. ബുധനാഴ്ച്ചയാണ് വടക്കൻ ദില്ലിയിലെ ജാഫറാബാദിൽ താമസിക്കുന്ന റയീസ് അൻസാരിയെ അജ്ഞാതർ വെടിവെച്ചു കൊന്നത്.

വീടിനടുത്തുള്ള അൻസാരിയുടെ കടയക്ക് മുന്നിലാണ് സംഭവം നടന്നത്. അറ്റകുറ്റ പണികള്‍ നടത്താനെന്ന വ്യാജേന അക്രമികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കടക്ക് സമീപം നിര്‍ത്തി. അന്‍സാരിയോട് സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സംസാരത്തിനിടെ വെടിവയ്ക്കുകയായിരുന്നു.ഓടി രക്ഷപ്പെടാൻ ശ്രമിച്ച അൻസാരിക്ക് പുറകെ അക്രമികൾ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.

വെടിയേറ്റ അൻസാരിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊലപാതക കാരണം വ്യക്തമായിട്ടില്ല. വ്യക്തി വിരോധമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ജാഫറാബാദ് പൊലീസ് അന്വേഷണം തുടങ്ങി.