ഉത്തർപ്രദേശ്: ബലൂൺ വാങ്ങിത്തരാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് നാലുവയസ്സുകാരിയായ മകളെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയതായി കുട്ടിയുടെ അമ്മയുടെ പരാതി. പൊലീസ് സംഭവസ്ഥലത്തെത്തിയപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. രണ്ടാനച്ഛന്‍ മുറിവേറ്റ് അവശനിലയിലായിരുന്നുവെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു. പ്രതിയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ് വ്യക്തമാക്കി.

ഉത്തർപ്രദേശിലെ സിദ്ധാർത്ഥ് ന​ഗറിൽ നിന്നും ഖുൽദാബാ​ദിലെത്തി വാടകയ്ക്ക് താമസിക്കുകയാണ് ഈ കുടുംബം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിട്ടതിനെ തുടർന്ന് മകളുമായി മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു പ്രതി.  വിവരം അറിഞ്ഞതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതി അബോധാവസ്ഥയിലും കുട്ടി മരിച്ച നിലയിലുമായിരുന്നു. പ്രതിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശ്രീവാസ്തവ വെളിപ്പെടുത്തുന്നു.

''ഭർത്താവിനും മകൾക്കുമൊപ്പം മരുന്ന് വാങ്ങാൻ പുറത്ത് പോയതായിരുന്നു ഞങ്ങൾ. അപ്പോഴാണ് ബലൂൺ വാങ്ങിത്തരാൻ മകൾ ആവശ്യപ്പെട്ടത്. കുട്ടിയെ അടിക്കാൻ തുടങ്ങിയപ്പോൾ ഞാനത് തടയാൻ ശ്രമിച്ചു. എന്നെ ബൈക്കിന് പിന്നിൽ നിന്ന് തള്ളിത്താഴെയിട്ട് അയാൾ കുട്ടിയുമായി വീട്ടിലേക്ക് പോയി.'' ‌പെൺകുട്ടിയുടെ അമ്മ സംഭവിച്ചതിനെക്കുറിച്ച് വിശദീകരിക്കുന്നു. ''രാത്രി പത്തരയോടെ വീട്ടിലെത്തി കുട്ടിയുമായി മുറിയിൽ കയറി വാതിലടച്ചു. പിറ്റേന്ന് രാവിലെ പൊലീസിൽ അറിയിച്ച് അവരെത്തിയപ്പോൾ കുട്ടി കൊല്ലപ്പെട്ടതായും ഭർത്താവ് അബോധാവസ്ഥയിൽ കിടക്കുന്നതും കണ്ടു.'' അവർ കൂട്ടിച്ചർത്തു.