ദില്ലി: വിവാഹാഭ്യര്‍ത്ഥന നിഷേധിച്ച തായ്ക്കൊണ്ടോ താരമായ യുവതിയെ യുവാവ്  വെടിവച്ചുകൊന്നു. 26കാരിയായ സരിതയെയാണ് സോംബിര്‍ സിംഗ് എന്നയാള്‍ കൊലപ്പെടുത്തിയത്. ജില്ലാ തലത്തില്‍ തായ്ക്കൊണ്ടോ താരമാണ് സരിത. ഗുരുഗ്രാമിലെ ബിലാസ്പൂര്‍ മേഖലയിലെ ഭോരാ ഖുര്‍ദ്  സ്വദേശിയാണ് ഇവര്‍. ഫിസികല്‍ എജുക്കേഷനില്‍ ഡിപ്ലോമ നേടിയ സരിത ജോലി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗുസ്തിക്കാരനായ സോംബിര്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്‍റെ ജോലി ഉപേക്ഷിച്ചിരുന്നു. 

ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് കൊലപാതകം നടന്നത്. സോംബിര്‍ പുലര്‍ച്ചെ സരിതയെ കാണാനെത്തി വിവാഹാഭ്യര്‍ത്ഥന നടത്തുകയും ഇത് നിഷേധിച്ചതോടെ വെടിവച്ച് കൊല്ലുകയുമായിരുന്നു. നാടന്‍ തോക്കുപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വെടിയൊച്ച കേട്ട് ബന്ധുക്കള്‍ ഓടിഎത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സരിതയെയാണ് കണ്ടത്.

സോംബിര്‍ നിരന്തരമായി സരിതയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിയില്ലാത്തതിനാല്‍ സോംബിറിനെ വിവാഹം ചെയ്യാന്‍ സരിത തയ്യാറായിരുന്നില്ലെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ഝജ്ജാറിലെ ബഗ്ഡോല സ്വദേശിയാണ് സോംബിര്‍. മാസങ്ങളായി മാതാപിതാക്കളില്‍ നിന്ന് അകന്നുകഴിയുകയാണ് ഇയാള്‍.