മുംബൈ: മാഹാരാഷ്ട്രയിലെ നാ​ഗ്പൂരിൽ കാമുകിയുടെ പത്തുവയസ്സുകാരനായ സഹോദരനെയും മുത്തശ്ശിയെയും കൊന്ന് യുവാവ് ഓടുന്ന ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. മോമിൻപുര സ്വദേശിയായ മോയിൻ ഖാൻ ആണ് കാമുകിയുടെ 70 കാരിയായ മുത്തശ്ശി പ്രമീള മറോത്തി ദുർവ്വെയെ കത്തികൊണ്ട് കുത്തിക്കൊന്നത്. 

ഇയാൾ കാമുകി ​ഗുഞ്ചന്റെ 10 വയസ്സുകാരൻ സഹോദരനെയും കൊലപ്പെടുത്തി. സംഭവ സമയം മുത്തശ്ശിയും സഹോദരനും മാത്രമാണ് ഇവരുടെ വീട്ടിലുണ്ടായിരുന്നത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാൽ ഇതേ രാത്രി തന്നെ മോയിൻ ഖാന്റെ മൃതദേഹം മങ്കാപ്പൂർ മേഖലയിലെ റെയിൽവെ ട്രാക്കിൽ നിന്ന് കണ്ടെത്തി.

ഇരട്ടക്കൊലപാതകത്തിന് ശേഷം ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് നി​ഗമനം. കഴിഞ്ഞ നവംബറിലാണ് ​ഗുഞ്ചൻ മോയിൻ ഖാനെ ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെടുന്നത്. സുഹൃത്തെന്നാണ് ഇയാളെ ​ഗുഞ്ചന്‌‍ വീട്ടുകാർക്ക് പരിചയപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി.