ആ​ഗ്ര: കാമുകിയെ വിവാഹം കഴിക്കാൻ അനുവദിക്കാത്തിനെ തുടർന്ന്  അനുജൻ ചേട്ടന്റെ തലയറുത്ത് കാട്ടിൽ ഉപേക്ഷിച്ചു. ആഗ്രയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദിനേശ് സിങ്(23)എന്നയാളാണ് ചേട്ടൻ ധർമ്മേന്ദ്ര സിങ്(33)നെ ദാരുണമായി കൊലപ്പെടുത്തിയത്.

ഏപ്രിൽ 16ന്  ജൽസർ റെയിൽവേ സ്റ്റേഷനടുത്തുള്ള വനപ്രദേശത്ത് ധർമ്മേന്ദ്രയുടെ മൃതദേഹം തലവേർപെട്ട നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴി‍ഞ്ഞത്. മൂന്ന് കാരണങ്ങൾ കൊണ്ടാണ് ദിനേശ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

വീട് പണി ചെയ്യുന്നതിനു വേണ്ടി അനുജന്റെ കയ്യിൽ നിന്നും വാങ്ങിയ പണം തിരികെ നൽകാൻ ധർമ്മേന്ദ്രക്ക് സാധിച്ചില്ല. വർഷങ്ങളായി പ്രണയത്തിലായിരുന്ന യുവതിയെ വിവാഹം കഴിക്കാൻ ദിനേശിനെ അനുവദിച്ചില്ല. ഭാര്യയുമായി ദിനേശ് മോശമായ ബന്ധം സ്ഥാപിച്ചിരുന്നത് ധർമ്മേന്ദ്ര കണ്ടുപിടിച്ചു. എന്നിവയാണ് ദിനേശിനെ കൊടും ക്രൂരത ചെയ്യാൻ പ്രേരിപ്പിച്ചത്.

ഇതിന്റെ പക ദിവസങ്ങളായി കൊണ്ടു നടന്ന ദിനേശ് ഏപ്രിൽ മൂന്നിന് ചേട്ടനെ വനപ്രദേശത്തേക്ക് കൊണ്ടുവന്നു. ശേഷം മദ്യത്തിൽ ഉറക്ക​ഗുളിക കലക്കി നൽകി കൊലപ്പെടുത്തുകയായിരുന്നു. ധർമ്മേന്ദ്രയുടെ കഴുത്തിൽ നിരവധി തവണ ഇടിച്ചതിന്റെ പാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു.