ദില്ലി: വാടകകൊടുക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ദില്ലിയില്‍ 23 കാരന്‍ സുഹൃത്തുക്കളെ കുത്തിക്കൊന്നു. ദില്ലിയിലെ രഘുബീര്‍ നഗറിലാണ് സംഭവം. സകിര്‍ എന്നയാളാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നാലെ ഇയാള്‍ സ്വദേശമായ ഉത്തര്‍പ്രപദേശിലെ അമ്രോഹയിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍ ഉടന്‍ തന്നെ പൊലീസ് സംഘം ഇയാളെ അറസ്റ്റുചെയ്തു. 

45കാരനായ അജാം, 46കാരനായ ഹസന്‍ എന്നിവര്‍ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. മാസം 4000 രൂപയാണ് ഇവര് താമസിച്ചിരുന്ന മുറിയുടെ വാടക. 1994 മുതല്‍ കൊല്ലപ്പെട്ട രണ്ടുപേരും ഇവിടെയാണ് താമസിച്ചിരുന്നത്.  ഗ്രാമത്തില്‍ പോയി നാല് മാസത്തിനുശേഷം 15 ദിവസം മുമ്പ് മടങ്ങി വന്ന സകിറും സുഹൃത്തുക്കളുമായി തര്‍ക്കമുണ്ടായി.

മുറിയില്‍ താമസമില്ലാതിരുന്ന നാല് മാസത്തെ വാടക ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ ഇടക്കിടെ ബഹളമുണ്ടാക്കിയതാണ് പ്രകോപനത്തിന് കാരണം. സുഹൃത്തുക്കള്‍ സകിറിനെ അപമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഓഗസ്റ്റ് 30ന് അര്‍ദ്ധരാത്രി, ഉറങ്ങിക്കിടക്കുകയായിരുന്ന സുഹൃത്തുക്കളെ സകിര്‍ കത്തികൊണ്ട് കുത്തിക്കൊന്നത്. കൃത്യം നടത്തിയതിനുശേഷം കത്തി ഒളിപ്പിച്ച ഇയാള്‍ നാടുവിടുകയായിരുന്നു.