ആൽവാർ: പ്രണയം തകർന്നതിൽ മനംനൊന്ത് ഫേസ്ബുക്ക് ലൈവിൽ വന്ന് യുവാവ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ആൽവാറിലുള്ള  ബെഹ്‌റോറിലാണ് സംഭവം. നിര്‍മല്‍ കുമാവത്ത്(20) എന്ന യുവാവാണ് പ്രണയ നൈരാശ്യത്തിൽ ജീവനൊടുക്കിയത്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ളതായിരുന്നു നിർമലിന്റെ വീഡിയോ എന്നും ലൈവിൽ ഉണ്ടായിരുന്ന ആരും തന്നെ യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. നിര്‍മല്‍ ഫേസ്ബുക്ക് ലൈവിൽ വരികയും പ്രണയത്തിലെ ചതിയെ കുറിച്ച് വിവരിക്കുകയും ചെയ്തു. തുടർന്ന് ഉറക്ക​ഗുളിക കഴിച്ചശേഷം തൂങ്ങിമരിക്കുകയായിരുന്നു. കാമുകിയെ തീവ്രമായി സ്‌നേഹിക്കുന്നു എന്നും അവള്‍ക്കായി മരിക്കാന്‍ പോലും തയ്യാറാണെന്നും ലൈവില്‍ നിര്‍മല്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. 

നിരവധി പേര്‍ ഫേസ്ബുക്ക് ലൈവിൽ കരയുന്ന ഇമോജികളും കമന്റുകളും ചെയ്തിരുന്നെങ്കിലും ആരും നിര്‍മലിനെ തടയാന്‍ ശ്രമിച്ചില്ല. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും നിര്‍മല്‍ മരിച്ചിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.