സ്കൂളിലെത്തിയ പ്രതി കുട്ടിക്ക് ഇഞ്ചക്ഷൻ എടുക്കാൻ ഉണ്ടെന്ന് അധ്യാപകരെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂളിൽ നിന്നും കൂട്ടിക്കൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയിരുന്നു.
പാലക്കാട്: ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 37 വർഷം കഠിന തടവും ഒരുലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ച് പാലക്കാട് പോക്സോ (pocso) കോടതി. അയിലൂർ സ്വദേശി പ്രസാദിനെയാണ് കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം 30 വർഷവും പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് ഏഴ് വര്‍ഷവുമാണ് ശിക്ഷ. പിഴത്തുകയായ 1.1 ലക്ഷം രൂപ അതിജീവിതക്ക് നൽകാനും ഉത്തരവിലുണ്ട്.
2020 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അധ്യാപകരെ കബളിപ്പിച്ച് സ്കൂളില്‍ നിന്നാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. സ്കൂളിലെത്തി കുട്ടിക്ക് ഇഞ്ചക്ഷൻ എടുക്കാൻ ഉണ്ടെന്ന് അധ്യാപകരെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂളിൽ നിന്നും കൂട്ടിക്കൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയിരുന്നു.
മുക്കത്ത് വൻ കഞ്ചാവ് വേട്ട; 14 കിലോ കഞ്ചാവുമായി 5 പേർ പിടിയിൽ, ഇന്നോവ കാറും കസ്റ്റഡിയില്‍
കോഴിക്കോട് : മുക്കത്തും പരിസര പ്രദേശങ്ങളിലും എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 14 കിലോ കഞ്ചാവുമായി അഞ്ച് പേർ പിടിയിലായി. മൂന്നു പേരെ മുക്കത്തെ സ്വകാര്യ ലോഡ്ജിൽ നിന്നും രണ്ടുപേരെ കാരശ്ശേരിയിലെ വാടക വീട്ടിൽ നിന്നുമാണ് പിടികൂടിയത്. മലപ്പുറം കാളികാവ് സ്വദേശി സുഫൈൽ, ഷറഫുദ്ദീൻ കരുളായി, നസീർ പെരിന്തൽമണ്ണ എന്നിവരെയാണ് മുക്കത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് പിടികൂടിയത്. നോർത്ത് കാരശ്ശേരി സ്വദേശി മുഹമ്മദ്, ചങ്ങരംകുളം സ്വദേശി കുമാർ എന്നിവരെ നോർത്ത് കാരശ്ശേരിയിലെ വാടക വീട്ടിൽ വെച്ചുമാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.
എക്സൈസ് ഇൻറലിജൻസും എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡും കുന്നമംഗലം റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിലെ കുന്നമംഗലം റേഞ്ച് ഇൻസ്പെക്ടർ മനോജ് പടിക്കത്ത്, മലപ്പുറം ഐ.ബി ഇൻസ്പെക്ടർ പി കെ മുഹമ്മദ് ഷെഫീഖ്, അസി.എക്സൈസ് ഇൻസ്പെക്ടർ ടി ഷിജു മോൻ,അഖിൽ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
